ബംഗളുരു: കര്‍ണാടക, തുംകൂര്‍ ജില്ലയിലെ ബെയ്‌ചാന്‍ഹള്ളിയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്‌ച രാത്രി എട്ടോടെയാണു സംഭവം. ഇതോടെ, കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ ആള്‍പിടിയന്‍ പുള്ളിപ്പുലിക്ക് ഇരയായവരുടെ എണ്ണം നാലായി. ഇവരില്‍ രണ്ടു വയോധികരും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.കഴിഞ്ഞ ഒക്‌ടോബര്‍ 17-ന്, പശുവിനെ മേയ്‌ക്കാന്‍ പോയ ലക്ഷ്‌മമ്മ(60)യാണു പുലിയുടെ ആദ്യത്തെ ഇരയായത്.
നവംബര്‍ 29-ന് ആട്ടിടയനായ ആനന്ദയ്യ (60), ജനുവരി ഒന്‍പതിന് അഞ്ചുവയസുകാരന്‍ സമര്‍ത്ഥ് ഗൗഡ എന്നിവരാണു പുലിയുടെ ആക്രമണത്തില്‍ ഇതിനു മുമ്പ് കൊല്ലപ്പെട്ടവര്‍.നരഭോജിപ്പുലിയെ പിടികൂടണമെന്ന ആവശ്യം വനംവകുപ്പ് അധികൃതര്‍ അവഗണിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു. ബെയ്‌ചാന്‍ഹള്ളി ഗ്രാമപഞ്ചായത്തംഗം ഗംഗാ ചിക്കാനയുടെ കൊച്ചുമകളാണ് ഏറ്റവുമൊടുവില്‍ പുലിക്ക് ഇരയായത്. മാതാപിതാക്കളായ ശ്രീനിവാസും ശില്‍പയും വീട്ടിലുള്ളപ്പോഴാണു മുറ്റത്തുനിന്നു കുട്ടിയെ പുലി കൊണ്ടുപോയത്. മുഖവും കൈകളും കടിച്ചുകീറിയ നിലയില്‍ രാത്രി പത്തരയോടെ മൃതദേഹം കുറച്ചകലെനിന്നു കണ്ടെടുത്തു.
നരഭോജിപ്പുലിയെ പേടിച്ച് പകല്‍ പണിക്കു പോകാനോ രാത്രി പുറത്തിറങ്ങാനോ പറ്റാത്ത അവസ്‌ഥയിലാണെന്നു നാട്ടുകാര്‍ പറയുന്നു. കുട്ടികളെ കളിക്കാന്‍ വിടാന്‍പോലും ഭയമാണ്. പുലിയെ പിടിക്കാന്‍ കൂട് സ്‌ഥാപിക്കണമെന്ന ആവശ്യം വനംവകുപ്പ് അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ല. ബെയ്‌ചാന്‍ഹള്ളിയിലെ പുലിയെ സര്‍ക്കാര്‍ ഇതുവരെ “നരഭോജി”യായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനെ പിടിക്കാന്‍ നാല് കൂടുകള്‍ സ്‌ഥാപിച്ചെന്നും നാട്ടുകാരുടെ ആരോപണം തെറ്റാണെന്നും അധികൃതര്‍ വ്യക്‌തമാക്കി.
2018-ല്‍ സമാനമായ രീതിയില്‍ മറ്റൊരു നരഭോജിപ്പുലിയെ പിടികൂടി ബന്നര്‍ഘട്ട വനത്തില്‍ തുറന്നുവിട്ടിരുന്നു. പുതിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കര്‍ണാടക വനംമന്ത്രി ആനന്ദ് സിങ് ഇന്നലെ ഗ്രാമം സന്ദര്‍ശിച്ച് നാട്ടുകാരുമായും വനംവകുപ്പ് അധികൃതരുമായും ചര്‍ച്ചനടത്തി.വനമേഖലയിലെ കൈയേറ്റമാണു വന്യമൃഗങ്ങളുടെ ആക്രമണത്തിനു പ്രധാന കാരണമെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. ചെറുത്തുനില്‍ക്കാന്‍ ശേഷിയില്ലാത്ത കുട്ടികളെയും വയോധികരെയുമാണു നരഭോജിപ്പുലി ഇതുവരെ പിടികൂടിയത്.
Post Your Comments