ഗോരാഖ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരത്തിനിടെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ടാണ് ശബിസ്ത ഖാന്‍ ഹൈക്കോടതിക്ക് കത്തയച്ചത്.
കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മഥുര ജയിലില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെന്നും അറസ്റ്റിലായ ശേഷം ജയിലില്‍ കൊണ്ടുവന്നപ്പോള്‍ അഞ്ചുദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞതായും ശബിസ്ത ഖാന്‍ പറയുന്നു. വളരെ ചെറിയ മുറിയിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. 100-150 പേര്‍ ആ മുറിയില്‍ മാത്രം താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നും അവര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 12ന് നടന്ന പ്രതിഷേധസമരത്തിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
Post Your Comments