KeralaLatest NewsNews

പ്രളയ ദുരിതാശ്വാസ തുക സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത സംഭവം; അന്വേഷണം ആളുമാറി കൊടുത്ത കോടികളിലേക്ക്

കാക്കനാട്: പ്രളയ ദുരിതാശ്വാസ തുക സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. അന്വേഷണം ആളുമാറി കൊടുത്ത കോടികളിലേക്ക് തിരിയുന്നു. 2019-ല്‍ പ്രളയ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍നിന്നു പണം വിതരണം ചെയ്തപ്പോള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആളുമാറി കൊടുത്തത് 8.15 കോടി രൂപയാണ്.

തിരിച്ചുപിടിച്ച ഈ തുകയില്‍നിന്നാണ് കളക്ടറേറ്റ് ദുരിതാശ്വാസ വിഭാഗം സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദ് പ്രാദേശിക സി.പി.എം. നേതാവ് എം.എം. അന്‍വറിന്റെ അക്കൗണ്ടിലേക്ക് 10.54 ലക്ഷം രൂപ ഇട്ടുകൊടുത്തത്.

കൂടുതല്‍ പേര്‍ തട്ടിപ്പില്‍ കണ്ണികള്‍ ആവാനിടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം ഇത്തരത്തിലേക്ക് നീളുന്നത്. സ്വാഭാവികമായും അന്വേഷണ സംഘം ഇതിലെ അവശേഷിക്കുന്ന തുകയുടെ കണക്കുകളും വിവരങ്ങളുമാണ് ആദ്യം തേടുക.

ജില്ല ഭരണകൂടത്തിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി, മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ടുവരണമെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്. അന്‍വറിനെ കൂടാതെ എത്ര പേരിലേക്ക് തുക വകമാറ്റിയെന്ന വിവരം സംഘം വിശദമായി അന്വേഷിക്കും.

ഡേറ്റാബേസ് തകരാറിനെ തുടര്‍ന്നാണ് അന്ന് മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് നിശ്ചയിച്ചതിനെക്കാള്‍ രണ്ടര ലക്ഷം രൂപ അധികമായി സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് കൈമാറിയത്. അബദ്ധത്തില്‍ കൈമാറിയ അധിക തുക തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ജില്ലാ കളക്ടര്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് കത്തയയ്ക്കുകയും പിന്നാലെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. അധിക പണം കിട്ടിയ 326 അക്കൗണ്ടുകളാണ് അന്ന് മരവിപ്പിച്ചത്. ഇങ്ങനെ തിരികെ പിടിച്ച തുകയില്‍ ഭൂരിഭാഗവും ട്രഷറി അക്കൗണ്ടുകളിലേക്കാണ് എത്തിയിരിക്കുന്നത്.

നിശ്ചയിച്ചതിനെക്കാള്‍ രണ്ടു ലക്ഷത്തി അമ്ബതിനായിരം രൂപ കൂടുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇട്ടു. ഭാഗികമായി വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിലാണ് പാളിച്ചയുണ്ടായത്. പ്രളയം ഏറെ നാശം വിതച്ച വടക്കന്‍ പറവൂര്‍, ആലുവ മേഖലകളിലുള്ളവരാണ് ഇവരിലേറെയും. പണം വിതരണം ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം അബദ്ധം മനസ്സിലായതോടെയാണ് പണം തിരികെ പിടിക്കാന്‍ നടപടി ആവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജര്‍ക്ക് കളക്ടറുടെ കത്തെത്തിയത്. പണം തെറ്റായി അക്കൗണ്ടിലേക്ക് മാറിയെന്നാണ് കത്തില്‍ കളക്ടര്‍ സൂചിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button