KeralaLatest NewsNews

മിഠായി വാങ്ങാനെത്തിയ കടയിലും പലചരക്ക് കടയിലും ദമ്പതികള്‍ നല്‍കിയത് 500ന്റെ കള്ളനോട്ടുകള്‍ : കടക്കാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു… പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കള്ളനോട്ട് ശേഖരവും കള്ളനോട്ടടി യന്ത്രവും

കൊല്ലം : മിഠായി വാങ്ങാനെത്തിയ കടയിലും പലചരക്ക് കടയിലും ദമ്പതികള്‍ നല്‍കിയത് 500ന്റെ കള്ളനോട്ടുകള്‍ : കടക്കാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു… പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കള്ളനോട്ട് ശേഖരവും കള്ളനോട്ടടി യന്ത്രവും . ചാത്തന്നൂര്‍ കാരംകോട് കണ്ണേറ്റ ക്ഷേത്രത്തിനു സമീപം രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത്, ലിജ ദമ്ബതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

200 രൂപയുടെ ഇരുനൂറ്റി അന്‍പതോളം നോട്ടുകളും 500 രൂപയുടെ അന്‍പതോളം നോട്ടുകളും കണ്ടെടുത്തു. പാലക്കാട് മങ്കര പൊലീസ് ചാത്തന്നൂര്‍ സിഐ ജസ്റ്റിന്‍ ജോണ്‍, എസ്ഐ എസ്.എസ്.സരിന്‍ എന്നിവരുടെ സഹായത്തോടെയാണു റെയ്ഡ് നടത്തിയത്. പാലക്കാട് മങ്കരയില്‍ 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണു രഞ്ജിത് (30), ഭാര്യ ലിജ (25) എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണു വീട് പരിശോധിച്ചത്.ചിറക്കര തേമ്ബ്ര സ്വദേശിയായ ഇവര്‍ 9 മാസം മുന്‍പാണു വിവാഹിതരായത്.

വളരെ ചെറിയ വീട്ടിലെ കിടപ്പുമുറിയിലാണ് കള്ളനോട്ട് നിര്‍മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പകുതി അച്ചടിച്ച നിലയിലും പൂര്‍ണമായും അച്ചടിച്ചു മുറിച്ച നിലയിലുമാണു നോട്ടുകള്‍. പ്രിന്റര്‍, സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍, അച്ചടിക്കാനുള്ള പേപ്പറുകള്‍, കട്ടര്‍ തുടങ്ങിയവ കണ്ടെത്തി. 3 സീരിയല്‍ നമ്പറുകളിലാണ് നോട്ട് നിര്‍മിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചു നോട്ടുകള്‍ മാറ്റിയെടുക്കുകയാണു രീതി. യാത്ര പോയാല്‍ ഒരാഴ്ച കഴിഞ്ഞും മറ്റുമാണു മടങ്ങിയെത്തിയിരുന്നത്.

മങ്കര എസ്ഐ എന്‍.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഞ്ജിത്തിന്റെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തിങ്കള്‍ രാവിലെ ദമ്പതികള്‍ മങ്കര പൊലീസ് സ്റ്റേഷനു സമീപത്തെ ബേക്കറിയില്‍ നിന്നു മിഠായി വാങ്ങി 500 രൂപയുടെ നോട്ട് നല്‍കി ബാക്കി വാങ്ങി സ്‌കൂട്ടറില്‍ മുങ്ങി. ഇവര്‍ പോയതിനു ശേഷം പരിശോധിച്ചപ്പോഴാണു വ്യാജ നോട്ടാണെന്നു കടയുടമ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്നു. പലചരക്ക് കടയില്‍ കയറിയ ദമ്പതികള്‍ സാധനങ്ങള്‍ വാങ്ങി 500 രൂപ നല്‍കിയപ്പോള്‍ പിടികൂടുകയായിരുന്നു.

മങ്കര പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ 500 രൂപയുടെ 117 നോട്ടുകളും 200 രൂപയുടെ 27 നോട്ടുകളും അടക്കം 63,900 രൂപ പിടിച്ചെടുത്തി. രഞ്ജിത്ത് ഓണ്‍ലൈനായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്യുകയായിരുന്നു. ഭാര്യ ലിജ തയ്യല്‍ ജോലിക്കാരിയാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ടിന്റെ വിതരണ നിര്‍മാണ ശൃംഖലയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button