അരൂര്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് പല മേഖലകളിലും പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. കയറ്റുമതിയിലും ഇറക്കുമതിയിലും വ്യപാരത്തിലും ആഗോളസമ്പദ് വ്യവസ്ഥയിലുമെല്ലാം. ചൈനയ്ക്ക് തന്നെയായിരുന്നു എറ്റവും വലിയ തിരിച്ചടി. രോഗത്തിന് പുറമെ വ്യാപരമേഖലയുമെല്ലാം തകര്‍ന്നടിഞ്ഞു. എന്നാല്‍ ഇന്ത്യയെയും വൈറസ് ബാധ പലമേഖലയെയും പ്രതിസന്ധിയിലാക്കി. ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഹാന്‍സെറ്റുകളുടെ അസംസ്കൃത വസ്തുകളുടെ ഇറക്കുമതി നിന്നതോടെ ഈ മേഖലയും പ്രതിസന്ധി നേരിട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചെമ്മീന്‍ മേഖലയെയാണ് കൊറോണ വൈറസ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. നിപ, കോവിഡ്19(കൊറോണ) തുടങ്ങിയവ എന്നിവയുടെ വരവ് ചെമ്മീന്‍ പീലിങ് ഷെഡ്ഡുകള്‍ പ്രതിസന്ധിയിലാക്കി. ചേര്‍ത്തല താലൂക്കിലെ ഇരുന്നൂറോളം പീലിങ് ഷെഡ്ഡുകള്‍ നാളുകളായി അടഞ്ഞുകിടക്കുകയാണ്. ഓഖി ദുരന്തത്തിനുശേഷം കടല്‍മത്സ്യങ്ങളുടെ ലഭ്യതക്കുറവ് പീലിങ് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇത് മറികടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കൊറോണ വൈറസ് വില്ലനായെത്തിയത്.
രാജ്യത്തുനിന്നുള്ള സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന വിപണിയായ ചൈനയിലേക്ക് ഉല്‍പ്പന്നം അയക്കാന്‍ കഴിയാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ആന്ധ്ര തീരമേഖലയിലേക്ക് പീലിങ് വ്യവസായം മാറിയത് സംസ്ഥാനത്തിന് തിരിച്ചടിയായതിന്പുറമെയാണ് പുതിയ പ്രതിസന്ധി. തൊഴിലില്ലാതായതോടെ തൊഴിലാളികള്‍ മറ്റുമേഖലകളിലേക്ക് ചേക്കേറിത്തുടങ്ങി. ചേര്‍ത്തല താലൂക്കില്‍ മാത്രം 50,000ഓളം തൊഴിലാളികളുണ്ടായിരുന്നു. ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്ന വനാമി, പൂവാലന്, കരിക്കാടി എന്നീ ചെമ്മീനുകള്‍ മുമ്പുണ്ടായിരുന്നതിലും നേര്‍പകുതിയായി കുറഞ്ഞു.
Post Your Comments