അഞ്ജു പാർവ്വതി പ്രഭീഷ്
സ്വരാജ്യസ്‌നേഹികളായ കുറേ ത്യാഗശീലരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പരിണതഫലമായിരുന്നു നമ്മുടെ നാടിന് 1947-ല്‍ ലഭിച്ച സ്വാതന്ത്ര്യം. പക്ഷേ ചരിത്രത്തിന്റെ നിറംമങ്ങിയ എടുകളിൽ മാത്രമായിരുന്നു ജീവിതം സ്വന്തം ദേശത്തിനായി എരിച്ചടക്കിയ അവരിൽ പലരെയും ചരിത്രകാരന്മാർ കോറിയിട്ടത് എന്നതാണ് പകലുപോലെ ജ്വലിക്കുന്ന സത്യം .സ്വാതന്ത്ര്യസമരചരിത്രമെന്നത് ഒരു ദേശീയ പ്രസ്ഥാനത്തിലും അതിന്റെ സാരഥ്യം വഹിച്ച ചില വ്യക്തികളിലേക്കുമായി ചുരുക്കപ്പെട്ടപ്പോൾ നവതലമുറയ്ക്ക് നഷ്ടമായത് യഥാർഥ ചരിത്രത്തിലേക്കുള്ള നേർപ്പാത ആയിരുന്നു . അത്തരത്തിൽ ചരിത്രനിഷേധം നേരിട്ട സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസപുരുഷനായിരുന്നു വിനായക് ദാമോദർ സവർക്കർ എന്ന വീർസവർക്കർ.
1857-ലെ സ്വാതന്ത്ര്യസമരത്തെ ശിപായിലഹള’യെന്നുവിളിച്ച് വെള്ളക്കാരന്‍ പരിഹസിച്ചപ്പോള്‍ അതില്‍ വീണുകിടക്കുന്ന സ്വാതന്ത്ര്യത്തിളക്കത്തിന്റെ തീക്ഷ്ണത കണ്ടറിഞ്ഞു ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് അടയാളപ്പെടുത്തിയത് വീർ സവര്‍ക്കറായിരുന്നു. പ്രസിദ്ധമായ 1857 ഇന്ത്യന് സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയത് വെള്ളക്കാർ വെറുമൊരു ശിപായിലഹളയായി അടയാളപ്പെടുത്തിയ നമ്മുടെ ആദ്യത്തെ ദേശീയതയുടെ ചരിത്രമാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളണ്ടിലെത്തിക്കാനും 1909 ൽ പ്രസിദ്ധപ്പെടുത്താനും അദേഹത്തിന് കഴിഞ്ഞു. പിന്നീട് ദേശ സ്നേഹം സിരകളിൽ പടർന്ന ഒരുപാട് വിപ്ലവകാരികളുടെ ആവേശമായി മാറിയ ആ പുസ്തകം രചിക്കുക വഴി ഇന്ത്യയുടെ ആദ്യ ചരിത്രകാരൻ കൂടിയായി അദ്ദേഹം .
ഗോപാല കൃഷ്ണ ഗോഖലെയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് സവർക്കർ ദേശീയപ്രസ്ഥാനത്തിൽ പങ്കാളിയായതെങ്കിലും ഗാന്ധിജിയുടെ അഹിംസാ വാദവുമായി ഒത്തുപോകാൻ അദേഹത്തിന് കഴിഞ്ഞിരുന്നില്ല. സ്വാതന്ത്ര്യം യാചിച്ചുവാങ്ങേണ്ടുന്നതല്ലെന്നും സുഭാഷ് ചന്ദ്രബോസ് പറഞ്ഞതുപോലെ അത് പിടിച്ചുവാങ്ങേണ്ടുന്ന ഒന്നാണെന്നുമുള്ള ബലമായ വിശ്വാസമാണ് തന്റെ പ്രവര്‍ത്തനങ്ങളിലുടനീളം അദ്ദേഹത്തെ നയിച്ചത്. ബോസിന്റെ പടയിലേക്ക് ആളെച്ചേര്‍ക്കാനും കിട്ടിയ അവസരങ്ങളിലെല്ലാം അട്ടിമറിയുണ്ടാക്കി വെള്ളക്കാരന് തലവേദനയുണ്ടാക്കാനും സാവര്‍ക്കര്‍ ശ്രദ്ധാലുവായി.
1906 ൽ അന്താരാഷ്ട്രാ തലത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ. 1906ൽ .നിയമ പഠനത്തിനായി ലണ്ടനിലെത്തിയ സമയം ആണ് ഫ്രീ ഇന്ത്യാ സൊസൈറ്റിയെന്ന സംഘടന രൂപീകരിച്ചത്. ‘.ചൂടുപറക്കുന്ന പ്രസംഗങ്ങള്‍കൊണ്ട് കേട്ടുനില്ക്കുന്നവന്റെ സിരകളിലേക്ക് വിപ്ലവത്തിന്റെ തീപടര്‍ത്തിക്കൊണ്ടിരുന്ന ശ്യാംജി കൃഷ്ണവര്‍മ്മയുമായി ലണ്ടനില്‍ വെച്ചാണ് സാവര്‍ക്കര്‍ ബന്ധം സ്ഥാപിക്കുന്നത്. കൃഷ്ണവര്‍മ്മയുടെ, ‘വിപ്ലവചിന്തകളുടെ ഈറ്റില്ല’മെന്ന് വിശേഷിപ്പിക്കപ്പെട്ട, ‘ഇന്ത്യന്‍ഹൗസി’ല്‍ വെച്ച് അവര്‍ പലതവണ കണ്ടുമുട്ടി. ആ കണ്ടുമുട്ടലുകളില്‍നിന്നും സഞ്ചിതമായ ഊര്‍ജ്ജമാണ് ‘ഫ്രീ ഇന്ത്യാ സൊസൈറ്റി’ എന്ന വിപ്ലവപ്രസ്ഥാനത്തിന് തുടക്കമിടാന്‍ കാരണമായത്. ഒരേവികാരം മനസ്സില്‍ പോറ്റിയിരുന്ന ഭായി പരമാനന്ദ്, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവര്‍ ഈ സംഘടനയിലെത്തിയതോടെ ഈ സംഘം വെള്ളക്കാരുടെ നോട്ടപ്പുള്ളികളായി. അതിനിടെയാണ് താന്‍ സ്ഥാപിച്ച ‘അഭിനവ് ഭാരത് സൊസൈറ്റി’യുടെ പ്രവര്‍ത്തകനായ മദന്‍ലാല്‍ ഡിംഗന്റെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സണ്‍ വൈലിയെ കൊല്ലുന്നത് .
അക്കാലത്തുതന്നെ അതേ സംഘടനയിലെ മറ്റുചിലര്‍ നാസിക്ക് കലക്ടറായിരുന്ന ജാക്‌സണെയും വകവരുത്തിയതോടുകൂടി അഭിനവ് ഭാരത് സൊസൈറ്റി’യുടെ സ്ഥാപകനായ സാവര്‍ക്കറെ സാമ്രാജ്യവിരുദ്ധക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ 25 വര്‍ഷത്തെ കഠിനതടവു ശിക്ഷ നല്കിക്കൊണ്ട്, 1911 ജൂലൈമാസം നാലിന് ആൻഡമാൻ നിക്കോബാറിലെ കാലാപാനി ജയിലിലേക്ക് നാടുകടത്താൻ തീരുമാനമായി .. അന്തമാനിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ കടലിന്റെ നടുവില്‍വെച്ച് അദ്ദേഹം സമുദ്രത്തിന്റെ ഗഹനതയിലേക്കെടുത്തുചാടി. ഏറെനേരം നീന്തിയശേഷം അദ്ദേഹം കരകയറിയത് ഫ്രഞ്ച്‌കോളനിയായ മെര്‍ചെലിസില്‍ ആയിരുന്നു. നീന്തിക്കയറിയ സാവര്‍ക്കറെ അവിടെവെച്ച് ബ്രിട്ടീഷ്‌സൈന്യം വീണ്ടും അറസ്റ്റ് ചെയ്യുകയും 25 വര്‍ഷത്തെ അദ്ദേഹത്തിന്റെ തടവുശിക്ഷ അമ്പതുവര്‍ഷമായിവർദ്ധിപ്പിക്കുകയും ചെയ്തു 1921 വരെ 10 വര്‍ഷം ആൻഡമാനിലും പിന്നീട് 3 വര്‍ഷം രത്‌നഗിരിയിലെ ജയിലിലുമായി 13 വര്‍ഷക്കാലത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു അദ്ദേഹത്തിന്. അതിലെ ആദ്യത്തെ ആറുമാസങ്ങളില്‍ തികച്ചും ഏകാന്തമായ ഒരിടത്താണ് വെള്ളക്കാരന്‍ ആ ദേശസ്‌നേഹിയെ പൂട്ടിയിട്ടത്. പിന്നീട് 1924 മുതല്‍ 36 വരെ വീട്ടുതടങ്കലിലായി അദ്ദേഹത്തിന് കാലം കഴിക്കേണ്ടിയും വന്നു. പിന്നീട് ജയില്‍മോചിതനായ ശേഷവും രത്‌നഗിരിയുടെ പരിധിവിട്ട് പുറത്തുപോവാന്‍ സാവര്‍ക്കര്‍ക്ക് അനുവാദമില്ലായിരുന്നു. രാജ്യസ്‌നേഹിയായ കുറ്റത്തിന്, ത്രൈലോകനാഥചക്രവര്‍ത്തിക്കുശേഷം ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സവാർക്കർക്കുതന്നെയാണ്.
ഇനി ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ ഷൂനക്കിയായും ഗാന്ധിയുടെ ഘാതകനായും വെള്ളക്കാരോട് മാപ്പിരന്ന ദേശവിരുദ്ധനായും സവർണ്ണഹിന്ദുത്വത്തിന്റെ അപ്പൊസ്തലനായും ചിത്രീകരിക്കുന്ന വീർ സവർക്കറിന്റെ ചരിത്രം മറച്ചുപ്പിടിക്കുന്ന സത്യങ്ങളിലേക്ക് വരാം .
സർക്കാരിനോടുള്ള ആ മാപ്പപേക്ഷ പെറ്റീഷൻ അക്കാലത്ത് മിക്ക വിപ്ലവകാരികളുടെയും പൊതുരീതിയായിരുന്നുവെന്നതാണ് വാസ്തവം. അന്ന് ആ. കത്തയച്ചത് ഒരാൾ മാത്രമല്ല,മറിച്ച് ആൻഡമാനിൽ തടവിലാക്കപ്പെട്ട നിരവധി വിപ്ലവകാരികളും കൂടിയാണ്. ആർക്കൈവ്സിൽ നിന്നും കണ്ടെടുത്ത ആ മാപ്പപേക്ഷയ്ക്ക് യാതൊരുവിധ രഹസ്യസ്വഭാവവുമില്ലായിരുന്നു.കാരണം അതിനെകുറിച്ച് സവർക്കർ തന്റെ ജീവചരിത്രത്തിൽ തന്നെ വിശദമായി എഴുതിയിട്ടുണ്ട്. വിവാദമായ അമേൻസ്റ്റി ലെറ്റർ എന്ന ” മാപ്പപേക്ഷ ” ആരോപണത്തെ പറ്റി സവർക്കർ മറാഠിയിൽ എഴുതിയിട്ടുള്ള കൃതിയാണ് മാസി ജന്മാട്ടേപ് .അല്ലെങ്കിൽ തന്നെ ആ കത്തിൽ എവിടെയാണ് ചെയ്തതിൽ തെറ്റായിപ്പോയിയെന്ന പശ്ചാതാപമുള്ളത്?
അതില്‍ മാപ്പ് എന്ന പദം അദ്ദേഹം ഉപയോഗിച്ചിട്ടില്ല. മേലില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല എന്ന ഉറപ്പു കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളു
സവർക്കറിനു വിധിച്ചത് 50 കൊല്ലത്തെ ജയിൽവാസമാണ്.ജയിലിൽ കിടന്നിതിലുമേറെ പുറത്തുചെയ്തുതീർക്കാനുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന,തടവുചാടുമെന്ന ഭയത്താൽ ജയിലിൽ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു പോരാളിയുടെ കൗശലതന്ത്രം മാത്രമായിരുന്നു ആ കത്തെഴുത്ത്.
ആ കത്തിനെ എന്തുക്കൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾ ഒരു മാപ്പപേക്ഷയായി കണക്കാക്കിയില്ല എന്നുള്ളതിടത്ത് തന്നെയുണ്ട് സവർക്കർ സഹോദരങ്ങളുടെ രാജ്യസ്നേഹവും കൂറും. ആൻഡമാനിലെ തടവിൽ വച്ച് കത്തെഴുതിയവരിൽ പലരേയും വിട്ടയച്ചുവെങ്കിലും സവർക്കർ സഹോദരങ്ങളെ എന്തുക്കൊണ്ട് വീണ്ടും 11 വർഷം തടവിലിട്ടു? ഭീരുവായ അയാളുടെ മാപ്പപേക്ഷയെ എന്തിന് അവർ ഭയക്കണം? ആൻഡമാനിലെ 11 വർഷത്തെ തടവിനുശേഷം രത്നഗിരിയിലേയ്ക്ക് അയച്ച സവർക്കാർക്ക് 4 വർഷം തടവും 13 വർഷത്തെ വീട്ടുതടങ്കലും വിധിച്ചത് എന്തിനായിരുന്നു?
ഇനി ഹിന്ദുത്വവാദിയായ സവർക്കറുടെ യഥാർത്ഥ മുഖം എന്താണെന്നറിയണ്ടേ?
ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നുവെങ്കിലും കീഴാളജാതിക്കാരോട് സഹാനുഭൂതി പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സാവര്‍ക്കര്‍. ബോംബെയിലെ രത്‌നഗിരിയിലെ പതീതപാവനക്ഷേത്രം, ജാതിവ്യവസ്ഥ കൊടുമ്പിരിക്കാണ്ടുനില്ക്കുന്ന 1937-ല്‍ത്തന്നെ മേലാളവര്‍ഗ്ഗത്തിന്റെ എതിര്‍പ്പു വകവെക്കാതെ കീഴാളവര്‍ഗ്ഗത്തിനു തുറന്നുകൊടുക്കാന്‍ മനസ്സുകാണിച്ച ഉദാരമതി കൂടിയായിരുന്നു അദ്ദേഹം. അക്കാലത്തുതന്നെ, ബോംബെയില്‍ ‘ഹിന്ദു കഫേ’ എന്ന പേരിലൊരു ഭക്ഷണശാല ആരംഭിച്ച് അവിടെ മേല്‍ജാതിക്കാര്‍ക്കൊപ്പം കീഴാളരെ കൂടെയിരുത്തി ഭക്ഷണം വിളമ്പിക്കൊടുത്തു സാവര്‍ക്കര്‍.
ഗാന്ധിവധത്തില്‍ പങ്കുകാരനായി സാവര്‍ക്കര്‍ ജയിലിലടയ്ക്കപ്പെട്ടുവെങ്കിലും പിന്നീട് തെളിവില്ലാത്തതുകൊണ്ട് വിട്ടയക്കപ്പെടുകയാണ് ഉണ്ടായത്.കോടതി വഴി കുറ്റവിമുക്തനാക്കപ്പെട്ട സവർക്കറെ പിന്നെങ്ങനെ ഗാന്ധിഘാതകനാക്കാൻ കഴിയും?ഇന്ന് സവർക്കറെ വിപ്ലവപ്രസ്ഥാനക്കാർ അടയാളപ്പെടുത്തുന്നത് ഭീരുവായ ഷൂവാർക്കർ എന്നാണ്. പക്ഷേ അവർ ഓർക്കുന്നില്ല അവർ മലർന്നുകിടന്ന് തുപ്പുന്നത് അവരുടെ മുഖത്തേയ്ക്കു തന്നെയാണെന്ന സത്യം. 1910 ൽ ഇന്ത്യൻ വിപ്ളവത്തിന് ആയുധമെത്തിച്ച കുറ്റത്തിന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ,സാവര്‍ക്കറുടെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്, മാര്‍ക്‌സിസത്തിന്റെ സ്ഥാപകനായ കാറല്‍ മാര്‍ക്‌സിന്റെ പേരക്കിടാവ്, ജീന്‍ ലോറന്റ് ഫ്രെഡറിക്ക് ലോങ്കെറ്റ് ആയിരുന്നു എന്നതും വ്ളാഡിമിർ ലെനിനുമായി സവാർക്കർക്കുണ്ടായിരുന്ന ബന്ധവും ജയിൽ മോചിതനായ സവാർക്കറെ സ്വീകരിക്കാൻ കാത്തുനിന്നത് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.എൻ റോയി ആയിരുന്നുവെന്നതുമൊക്കെ തോമസ് ഐസക്കിനെപ്പോലുള്ള അഭിനവബൗദ്ധികർ ഇടയ്ക്കെങ്കിലും ഓർക്കണം.
അത് പോലെതന്നെ ചരിത്രത്തെ വളച്ചൊടിച്ച് ചാനൽ ചർച്ചകളിൽ അദ്ദേഹത്തെ ഷൂനക്കിയായി വിളിച്ചുപ്പറയുന്ന അഭിനവരശ്മിതമാരും. ചരിത്ര നിഷേധമാണ് നടത്തുന്നത് . 1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ളവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻതലമുറക്കാരും അനുയായികളും നടത്തുന്നത് ചരിത്രനിഷേധമാണ്. വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു .
1966 ഫെബ്രുവരി 26-ന് തന്റെ 82-ാമത്തെ വയസ്സിൽ ഈ ലോകത്തോട് യാത്രപറഞ്ഞ ആ കർമ്മപടുവിന്റെ സ്മൃതിദിനത്തിൽ പറയേണ്ടത് ഇത്രമാത്രം- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ സമര ഭടനെ അധിക്ഷേപിക്കുമ്പോൾ നിങ്ങളിലെ ദേശവിരുദ്ധനെ കാലം അടയാളപ്പെടുത്തുന്നുണ്ട്.രാജ്യത്തിനുവേണ്ടി കാരാഗൃഹങ്ങളിൽ നരകയാതന അനുഭവിച്ച സ്വാതന്ത്ര്യ സേനാനികളെ അപമാനിക്കുക വഴി രാജ്യത്തെ തന്നെയാണ് നിങ്ങൾ അപമാനിക്കുന്നത്.
Post Your Comments