വേനല്‍ക്കാലത്തിനൊപ്പം രോഗങ്ങളും വരവായി. നേത്രരോഗങ്ങള്‍ കൂടുതലായി കാണുന്നത് മാര്‍ച്ച്-ഏപ്രില്‍ – മേയ് മാസങ്ങളിലാണ്. അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുകയും പൊടി പടലങ്ങള്‍ കൂടുകയും ചെയ്യുമ്പോള്‍ കണ്ണില്‍ രോഗങ്ങളും ഉണ്ടാകുന്നു.
വേനല്‍ക്കാലത്ത് സാധാരണയായി കാണുന്ന നേത്ര രോഗങ്ങളാണ് ചെങ്കണ്ണ്, അലര്‍ജി, ഡ്രൈ ഐ (Dry eye), കണ്‍ കുരു എന്നിവ. ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ് അഥവാ Conjunctivitis. ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് അണുബാധ മൂലം ഈ രോഗം ഉണ്ടാകാം. കണ്ണിന് ചുവപ്പ്, പോളവീക്കം, പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. കണ്ണു തുറക്കാന്‍ സാധിക്കാത്തവിധം പീള കെട്ടല്‍, നീറ്റല്‍ എന്നിവയും കണ്ടേക്കാം.
പ്രധാനമായും രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അസുഖം പടരുന്നത്. എന്നാല്‍ രോഗമുള്ള വ്യക്തിയെ നോക്കുന്നത് കൊണ്ട് അസുഖം പടരില്ല. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മരുന്ന് ഉപയോഗിക്കണം. ഇതോടൊപ്പം ശുദ്ധജലത്തില്‍ കണ്ണ് ഇടയ്ക്കിടെ കഴുകുകയും വേണം.
ഏറ്റവും പ്രധാനം, രോഗമുള്ള വ്യക്തി ഉപയോഗിച്ച വസ്തുക്കളുമായി സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ്. രോഗി ഉപയോഗിച്ച തൂവാല, തലയിണ, പുതപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. ഇവ അണുവിമുക്തമാക്കണം. കണ്ണില്‍ ഉപയോഗിക്കുന്ന കോസ്മെറ്റിക്സ് ഒരിക്കലും പങ്കുവയ്ക്കരുത്. അണുബാധയുള്ള വ്യക്തി പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. കഴിയുന്നതും ആള്‍ക്കൂട്ടവുമായി സമ്പര്‍ക്കം ഒഴിവാക്കുക.
വേനലില്‍ പെട്ടെന്ന് ഉണ്ടാകുന്ന മറ്റൊരു നേത്രരോഗമാണ് കണ്ണിന്റെ അലര്‍ജി. കുഞ്ഞുങ്ങളിലാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ചൊറിച്ചില്‍, ചുവപ്പ്, നീറ്റല്‍, മണല്‍ വാരിയിട്ട പോലുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍. അലര്‍ജിക്കെതിരെ തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ചില പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കാം.
സൂര്യപ്രകാശത്തില്‍നിന്ന് സംരക്ഷണം തരുന്ന യുവി പ്രൊട്ടക്ഷനോടുകൂടിയ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക. സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഗോഗ്ള്‍സ് ഉപയോഗിക്കുക. ഇത് ക്ലോറിന്‍ മൂലം കണ്ണിനുണ്ടാകുന്ന അസ്വസ്ഥത തടയും. എസി റൂമില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ എസിയുടെ ഡ്രാഫ്റ്റിന് അഭിമുഖമായി ഇരിക്കരുത്. കണ്ണ് ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുക.
കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ ശരിയായ വിഷ്വല്‍ ഹൈജീന്‍ പാലിക്കാതെയിരുന്നാല്‍ കണ്ണിന് വര്‍ള്‍ച്ച അനുഭവപ്പെടാം. ഇതിനു പരിഹാരമായി ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കുകയും ഇമ ചിമ്മുകയും ചെയ്താല്‍ കണ്ണുനീരിന്റെ നനവ് സംരക്ഷിക്കാം. ഇലക്കറികളും പോഷക സമൃദ്ധമായ ഭക്ഷണവും ഒരു ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക.
കണ്ണിന്റെ ഓയില്‍ ഗ്രന്ഥികള്‍ അടഞ്ഞ് കണ്‍പീലിയില്‍ കുരുക്കള്‍ ഉണ്ടാകാം. പോളയ്ക്ക് നീരുണ്ടെങ്കില്‍ ചൂടുവയ്ക്കുകയും ആന്റിബയോട്ടിക് മരുന്ന് ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ കണ്‍കുരു കട്ടിയായി Chalazion എന്ന അവസ്ഥയിലെത്തിലെത്തിയാല്‍ ലഘുവായ ഒരു സര്‍ജറിയിലൂടെ പഴുപ്പ് നീക്കം ചെയ്യേണ്ടി വന്നേക്കാം. ശരിയായ വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും വേനല്‍ക്കാല നേത്ര രോഗങ്ങള്‍ക്ക് തടയാം
Post Your Comments