ന്യൂഡല്‍ഹി : നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് വീണ്ടും ശശി തരൂര്‍ എംപി . കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ഊര്‍ജ്ജസ്വലമായ പ്രസിഡന്റിനെയാണ് ആവശ്യം. രാഹുല്‍ പ്രസിഡന്റായി തിരിച്ചു വന്നാല്‍ നല്ലത്. വരുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അത് അംഗീകരിക്കുന്നു. നെഹൃ കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റിനെ കണ്ടെത്തുന്നതിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം നേതൃത്വത്തിന്റെ അഭാവമാണെന്ന് ഷീല ദീക്ഷിതിന്റെ മകനും മുന്‍ എം.പിയുമായ സന്ദീപ് ദീക്ഷിത് തുറന്നടിച്ചിരുന്നു. സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞത് ഇന്ത്യയിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ടെന്ന് ശശി തരൂരും ദീക്ഷിതിനെ പിന്തുണച്ച് വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടെയായിരുന്നു ഇരു നേതാക്കളുടേയും പ്രതികരണം. ഇതിനു പിന്നാലെയാണ് പുതിയ പരാമര്‍ശങ്ങളുമായി ശശി തരൂര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഹൈക്കമാന്‍ഡ് നോമിനേഷനിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് മാറേണ്ടതാണ്. പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുപ്പിലൂടെ വേണം നിശ്ചയിക്കാന്‍. പാര്‍ട്ടിക്കുള്ളില്‍ സുതാര്യത വരാന്‍ ഇത് സഹായിക്കും. ശശി തരൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
1998 നു ശേഷം നെഹ്രു കുടുംബത്തില്‍ നിന്നല്ലാതെ മറ്റാരും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടില്ല. നിരന്തരമുള്ള തോല്‍വികളില്‍ മനം മടുത്ത് രാഹുല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇടക്കാല പ്രസിഡന്റായി സോണിയയാണ് തുടരുന്നത്. അനാരോഗ്യം കാരണം സോണിയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാകുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പരസ്യ പ്രതികരണവുമായി തരൂര്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയത്.
Post Your Comments