Latest NewsIndiaNews

ഒരേ ഗോത്രത്തില്‍നിന്ന് രഹസ്യമായി വിവാഹം കഴിച്ചു ; യുവതിയെ കുടുംബം കൊന്ന് കനാലില്‍ തള്ളി

ന്യൂഡല്‍ഹി: ഒരേ ഗോത്രത്തില്‍നിന്ന് രഹസ്യമായി വിവാഹം ചെയ്തതിനു കുടുംബം യുവതിയെ കൊന്ന് കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹി സ്വദേശിയായ ശീതള്‍ ചൗധരി (25)യാണു മരിച്ചത്. കൊലപാതകത്തിനുശേഷം 80 കിലോമീറ്ററിലധികം സഞ്ചരിച്ച് അലിഗഡിലെത്തി മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരേ ഗോത്രത്തില്‍പെട്ട അങ്കിത് ഭട്ടിയെ ശീതള്‍ വിവാഹം ചെയ്തതു കാരണമാണു ക്രൂരകൃത്യം നടത്തിയതെന്നാണു പൊലീസ് നിഗമനം. 2019 ഒക്ടോബറിലാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിനുശേഷം ഇരുവരും വെവ്വേറെ താമസിച്ചു. 2020 ജനുവരിയില്‍ വിവാഹക്കാര്യം ശീതള്‍ കുടുംബത്തെ അറിയിച്ചതോടെയാണു പ്രശ്‌നം വഷളായത്.

ജനുവരി 29ന് രാത്രി കൊലപാതകത്തിനു ശേഷം അന്നുതന്നെ മൃതദേഹം കാറില്‍ കയറ്റി അലിഗഡിലേക്കു കൊണ്ടുപോയി. രണ്ടു കാറുകളിലായാണു ബന്ധുക്കള്‍ സഞ്ചരിച്ചത്. ഡല്‍ഹിയില്‍നിന്ന് 80 കിലോമീറ്ററിലധികം ദൂരത്താണു കനാലില്‍ മൃതദേഹം ഉപേക്ഷിച്ചത്. അന്നു രാത്രി തന്നെ കുടുംബം ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് യാത്രയ്ക്കിടെ ബന്ധുക്കള്‍ പരസ്പരം ഫോണ്‍ ചെയ്തതിന്റെ വിവരങ്ങള്‍ പൊലീസിന് അന്വേഷണത്തില്‍ ലഭിച്ചു. ആദ്യം വ്യത്യസ്തമായ മൊഴികളായിരുന്നു ബന്ധുക്കള്‍ പൊലീസിനു നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ മൃതദേഹം ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്ത് എത്തിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് യുപി പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണു ജനുവരി 30ന് അതേ സ്ഥലത്തുനിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്. ഫെബ്രുവരി രണ്ടു വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും അവകാശികള്‍ ആരും എത്താതിരുന്നതോടെ സംസ്‌കരിക്കുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രം, മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എന്നിവ പരിശോധിച്ചശേഷം ശീതളിന്റെ ഭര്‍ത്താവ് അങ്കിത് ഭട്ടിയാണു മൃതദേഹം ശീതളിന്റേതു തന്നെയെന്നു തിരിച്ചറിഞ്ഞത്.

shortlink

Post Your Comments


Back to top button