ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തില്‍ ഭിന്നത രൂക്ഷമാക്കി പൗരത്വ നിയമം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉദ്ധവ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു സംസാരിച്ചതോടെയാണു വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.
എങ്ങനെയാണ് ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ 2003 ലെ പൗരത്വഭേദഗതി നിയമത്തെകുറിച്ച് സംക്ഷിപ്തവിവരം ഉദ്ദവ് താക്കറയ്ക്ക് ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. പൗരത്വത്തിന് മതം അടിസ്ഥാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു തിവാരിയുടെ പ്രതികരണം.ഒരിക്കല്‍ എന്‍.പി.ആറുമായി സഹകരിച്ചാല്‍ പിന്നെ എന്‍.ആര്.സിയെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയപ്പെടേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് മോദിയുമായി ഉദ്ദവ് കൂടിക്കാഴ്ച നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തേയോ (സിഎഎ) ദേശിയ ജനസംഖ്യാ രജിസ്റ്ററിനേയോ (എന്‍പിആര്‍) ആരും ഭയപ്പെടരുത്. ഇവ ആരെയും രാജ്യത്തിന് പുറത്തേക്ക് തള്ളിവിടില്ല. സിഎഎയുടേയും എന്‍പിആറിന്റെയും പേരില്‍ ആളുകളെ പ്രകോപിപ്പിക്കുന്നവര്‍ ഇതിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായി മനസിലാക്കണമെന്നും ഉദ്ദവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments