റിയാദ്: ആണ്‍കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് തട്ടിയെടുത്ത യുവതി, 27 വര്‍ഷത്തിന് ശേഷം പിടിയില്‍. സൗദിയിലാണ് സംഭവം. ഇവര്‍ക്ക് ജനിച്ചത് എല്ലാം പെണ്‍കുട്ടികള്‍ ആയതിനെത്തുടര്‍ന്നാണ് ആണ്‍കുട്ടികളെ തിരഞ്ഞ് പിടിച്ചിവര്‍ തട്ടിയെടുത്തത്. മൂന്ന് ആണ്‍കുട്ടികളെയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്. മറിയം എന്ന സ്ത്രീയാണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലാകുന്നത്.
ദമ്മാമിലെ ഒരു ആശുപത്രിയില്‍നിന്നാണ് ഇവര്‍ മൂന്ന് കുട്ടികളെയും തട്ടിയെടുത്തത്. നഴ്‌സായി ആല്‍മാറാട്ടം നടത്തി ആദ്യകുഞ്ഞിനെ മോഷ്ടിച്ചു. എന്നാല്‍ ഇത് പിടിക്കപ്പെടാതായപ്പോള്‍ മറ്റ് രണ്ട് കുട്ടികളെയും ഇത്തരത്തില്‍ തട്ടിയെടുക്കുകയായിരുന്നു. കുട്ടികള്‍ വലുതായി യുവാക്കളായപ്പോള്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നേടാന്‍ നടത്തിയ ശ്രമമാണ് സ്ത്രീയെ കുടുക്കിയത്.
മൂന്ന് ആണ്‍മക്കളില്‍ രണ്ടുപേരുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ മറിയം ജനന രേഖകള്‍ ഒന്നും ഇല്ലാത്തതിനാലാണ് പിടിയിലായത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇവര്‍ കുടുങ്ങി. ഒടുവില്‍, 20 വര്‍ഷം മുമ്പ് ഈ കുട്ടികളെ തനിക്ക് കളഞ്ഞുകിട്ടിയതാണെന്ന് അവര്‍ വിശദീകരിച്ചു. സംശയം തോന്നി പോലീസ് മേഖലയില്‍നിന്ന് കാണാതായ കുഞ്ഞുങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഇതിലൊരു യുവാവിനെ, ഡിഎന്‍എ പരിശോധന നടത്തുകയും യുവാവിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്തു. ഈ വീഡിയോ പോലീസ് സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചതോടയാണ് സംഭവം പുറം ലോകമറിയുന്നത്.
പിന്നീട് മറ്റ് രണ്ട് യുവാക്കളുടെയും ഡിഎന്‍എ പരിശോധനയും നടത്തി. ഇതോടെ മൂന്ന് ആണ്‍കുഞ്ഞുങ്ങളെ ദമ്മാമിലെ ആശുപത്രിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് മറിയം ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആദ്യത്തെ കുഞ്ഞിനെ 1993ലാണ് മോഷ്ടിച്ചത്. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. അതേസമയം, ഡിഎന്‍എ പരിശോധനയില്‍ ആദ്യത്തെ കുട്ടിക്ക് സ്വന്തം മാതാപിതാക്കളെ ഇപ്പോള്‍ തിരിച്ചുകിട്ടുകയും ചെയ്തു. 27 വയസ്സുള്ള നായിഫിനാണ് തന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തെത്താന്‍ കഴിഞ്ഞത്. ബാക്കി രണ്ട് യുവാക്കളുടെയും മാതാപിതാക്കളെയും കുടുംബ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അവസാന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയില്‍നിന്ന് പോലീസ് ശേഖരിച്ചു. കുഞ്ഞിനെ മറിയം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. കള്ളി പൊളിഞ്ഞതോടെ മറിയത്തെ പോലീസ് അറസ്സ് ചെയ്തു.
Post Your Comments