കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം ബാക്കി പണം വേണ്ട, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
എന്നാല്‍ ഷെയ്ന്‍ നിഗം ഖുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അതിനുശേഷം വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടെടുത്തു.
പ്രതിഫല തര്‍ക്കത്തിനെത്തുതുടര്‍ന്ന് ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ചാണ് വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചത്.
വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും, കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കത്തില്‍ പറയുന്നു. മുടിമുറിക്കലുമായി ബന്ധപ്പെട്ടാണ് ഷെയ്‌നും വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത്. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഷെയ്ന്‍ മറ്റൊരു ചിത്രമായ കുര്‍ബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം. ഇതില്‍ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്നാണ് ആദ്യം രംഗത്തെത്തിയത്.
തുടര്‍ന്ന് താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കി. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ ഷെയ്ന്‍ ഇറങ്ങിപ്പോയെന്നും സഹകരിക്കുന്നില്ലെന്നും കാണിച്ച് വീണ്ടും വെയിലിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇത് കാണിച്ച് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കുകയും ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം നിര്‍മാതാക്കളുടെ സംഘടന ‘അമ്മ’യെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദം കത്തിക്കയറുന്നതിനിടയില്‍ വെയില്‍ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് മുടിയും താടിയും വടിച്ചു. ഇതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയായിരുന്നു. അമ്മ സംഘടനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനൊക്കെ ഈ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
Post Your Comments