അഞ്ജു പാര്‍വതി പ്രഭീഷ്
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ചിന്തകൾക്കും ഏറെ സജീവതയും സ്വീകാര്യതയും ലഭിക്കുന്ന ഇടമാണ് നമ്മുടെ കേരളം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വാക്‌യുദ്ധങ്ങളും നിയമയുദ്ധങ്ങളും നിരവധി ഈ കൊച്ചുകേരളത്തില്‍ നടന്നിട്ടുമുണ്ട് .അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന് പറയുന്നതുപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലും രണ്ടു പക്ഷം ചേര്‍ന്നുള്ള വാഗ്വാദങ്ങള്‍ക്കും വേദിയായിട്ടുണ്ട് കേരളം. ഇപ്പോൾ അത്തരത്തിൽ ഏറെ ചർച്ചയായ ഒന്നാണ് കേരളത്തിൽ ചിത്രീകരിച്ച ആദ്യ ന്യൂഡ് മെറ്റേർണിറ്റി ഫോട്ടോഷൂട്ട്! ആതിരാ ജോയ് എന്ന ഫോട്ടോഗ്രാഫറുടെ അവകാശവാദത്തിനെതിരെ ആക്ടിവിസ്റ്റായ ജോമോൾ ജോസഫും രംഗത്തിറങ്ങിയപ്പോൾ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുന്നു.
” ഈശ്വരൻ തന്ന വരദാനം പോലെ ഒരു അസുലഭ മുഹൂർത്തമാണ് ഗർഭകാലം. മനസ്സും ശരീരവുമെല്ലാം പൂത്തുലയുന്ന വസന്തകാലം. ദാമ്പത്യബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആനന്ദകരവുമായ ഒന്നാണ്. വാക്കുകൾക്ക് അതീതമാണ് ആ വികാരം.”- വിദേശദമ്പതികളുടെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോസ് പോസ്റ്റ് ചെയ്തശേഷം ഫോട്ടോഗ്രാഫർ ആതിര ജോയ് ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകളാണിവ!
മാതൃത്വത്തെകുറിച്ചുള്ള ആതിരയുടെ വാക്കുകളോട് പൂർണ്ണമായും യോജിച്ചുക്കൊണ്ടും എന്നാൽ ന്യൂഡ് മെറ്റേർണിറ്റി ഫോട്ടോസ് എന്ന ആശയത്തോട് അങ്ങേയറ്റം വിയോജിച്ചുക്കൊണ്ടും ചിലത് പറഞ്ഞേ തീരൂ. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യവും അഭിമാനകരവുമായ മൂഹൂര്‍ത്തങ്ങളാണ് ഗർഭകാലവും പ്രസവവും.വാക്കുകൾക്ക് അതീതമായ ആ വികാരത്തെ നഗ്നത കൊണ്ട് അടയാളപ്പെടുത്തിയാൽ മാത്രമേ തീവ്രമാകുകയുള്ളോ? മാതൃത്വം എന്നു പറയുന്നത് കേവലം ഫോട്ടോയ്ക്കു മുന്നിൽ പോസ് ചെയ്തതുക്കൊണ്ടുമാത്രം രൂപപ്പെടുന്നതല്ല. പ്രസവശേഷം കുട്ടിയുടെ വളര്‍ച്ചാക്കാലത്ത് കുട്ടിയും അമ്മയും തമ്മിലുണ്ടാകുന്ന ആത്മ ബന്ധത്തില്‍ നിന്നു രൂപപ്പെടുന്നതാണ് മാതൃത്വമെന്ന വാക്കിന്റെ പേരില്‍ ക്യാമറകള്‍ക്കു മുന്നിലേക്ക് കുഞ്ഞിനെ പ്രസവിച്ചിടുന്നതോ ഗർഭകാലത്തെ ഫീൽ തുണിയുടുക്കാതെ നിന്നുക്കൊണ്ട് ലോകത്തിനു മുന്നിൽ പരസ്യപ്പെടുത്തുന്നതോ അല്ല.ഇവിടെ പാവനമായ മാതൃത്വത്തെ വില്‌പനചരക്കാക്കുകയാണ് ചെയ്തത്.
ആവിഷ്കാരസ്വാതന്ത്ര്യമെന്ന പേരിൽ എന്തും തുറന്നു കാണിക്കാനും പരസ്യപ്പെടുത്താനും തുടങ്ങിയാല്‍ പിന്നെ ധാര്‍മ്മിതയ്‌ക്ക് എന്ത് പ്രസക്തിയാണുള്ളത്? എങ്കിൽ പിന്നെ ഓരോരുത്തർക്കും കിടപ്പറയിൽ ചിലവഴിക്കുന്ന സ്വകാര്യനിമിഷങ്ങളെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ പാവനമായ ദാമ്പത്യത്തിന്റെ രഹസ്യമെന്ന അടിക്കുറിപ്പിട്ട് ആർക്കും പരസ്യപ്പെടുത്താമല്ലോ? സമൂഹത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ടി കാലങ്ങളായി നമ്മൾ പാലിച്ചുപ്പോകുന്ന ചില അരുതുകളും വിലക്കുകളുമുണ്ട്. സമൂഹം നിലനിര്‍ത്തിപ്പോരുന്ന ഇത്തരം സദാചാര വിലക്കുകളാണ് സമാധാനത്തിന് കാവലായി മാറുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും കാണിക്കരുതാത്തത് കാണിക്കാതിരിക്കുകയും പറയാന്‍ പാടില്ലാത്തത് പറയാതിരിക്കുകയും ചെയ്യുന്നതാണ് സമൂഹത്തിന്റെ സമാധാന നടപ്പിന് നല്ലത്.അത്തരം വിലക്കുകൾ നമ്മൾ പാലിച്ചുപ്പോകുന്നതുക്കൊണ്ടാണ് മനുഷ്യൻ മൃഗങ്ങളിൽ നിന്നും വിഭിന്നനാകുന്നതും അവനെ സാമൂഹ്യജീവിയായി വിലയിരുത്തുന്നതും.
സമൂഹത്തിന് ഹിതമല്ലാത്തത് ചെയ്യുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം. എന്തെല്ലാം പരസ്യമാക്കാം, എന്തെല്ലാം രഹസ്യമാക്കണമെന്നും പരസ്യമായി ചെയ്യരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്‍പ്പിച്ചിട്ടുണ്ട്. ഇതൊന്നും നിയമസംഹിതയിലുൾപ്പെട്ടതല്ല.സമൂഹത്തിന്റെ നേരായവഴിക്കുള്ള സഞ്ചാരത്തിന് ആവശ്യമായതിനാല്‍ സമൂഹം തന്നെ സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ് ഇവ.
ഗർഭത്തിലുള്ള കുഞ്ഞിനെ ഫോട്ടോഗ്രഫിയുടെ ഭാഗമായി മാറ്റിയപ്പോൾ നിങ്ങൾ മറന്നുപോയൊരു വസ്തുതയുണ്ട്.ഗർഭത്തിലെ ആ കുഞ്ഞിനും സ്വകാര്യതയുണ്ട്. അത് ലംഘിക്കപ്പെടുന്നത് മനുഷ്യാവകാശലംഘനം തന്നെയാണ്. ഇനിയൊരുനാള്‍ വളര്‍ന്നു വരുന്ന ആ കുട്ടിക്ക് വ്യക്തിത്വം രൂപപ്പെടുന്ന ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ തന്റെ സ്വകാര്യത ഗർഭകാലത്ത് ലംഘിക്കപ്പെട്ടിരുന്നു എന്ന് തോന്നിയാല്‍ അതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? പ്രിയപ്പെട്ട നിമിഷങ്ങൾ എന്നെന്നും സൂക്ഷിച്ചുവയ്ക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. പക്ഷെ തന്റേതായ സ്വകാര്യനിമിഷങ്ങളെയോ മറ്റൊരാളുടെയോ തീർത്തും സ്വകാര്യമായ നിമിഷങ്ങളെയോ പൊതുസമൂഹത്തിനു മുന്നിൽ പരസ്യപ്പെടുത്തുന്നത് ആത്മനിർവൃതിക്കായല്ല,മറിച്ച് കച്ചവടതല്പരതയുടെ സ്വാർത്ഥത ലാക്കാക്കി മാത്രമാണ്. ഈ ന്യൂഡ് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് മാതൃത്വത്തിന്റെ വാഴ്ത്തുപ്പാട്ടല്ല! മറിച്ച് അതിനെ മറയാക്കി നിങ്ങളിലെ ഫോട്ടോഗ്രാഫർ ലക്ഷ്യമിടുന്ന ഉയർച്ചയിലേയ്ക്കുള്ള ഗ്രാഫ്ചാർട്ടാണ്! അതുതന്നെയാണ് ജോമോൾ ജോസഫും ചെയ്യുന്നത്.ബോഡി ആർട്ടെന്ന ഓമനപ്പേരിലും ന്യൂഡ് മെറ്റേർണിറ്റി ഫോട്ടോഷൂട്ടിലൂടെയും എന്ത് സന്ദേശമാണ് ഈ സമൂഹത്തിനും വളരുന്ന തലമുറയ്ക്കും നിങ്ങൾക്ക് നല്കാനാവുക?
Post Your Comments