KeralaLatest NewsNews

ദേശീയപതാക ജാക്കറ്റിനു പിന്നിൽ തയ്യിപ്പിച്ച് വിദേശിയരുടെ അവഹേളനം: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

പാലാ/ കോട്ടയം: വിദേശ വിനോദസഞ്ചാരികൾ ജാക്കറ്റിനു പിന്നിൽ ഇന്ത്യൻ ദേശീയപതാക പേഴ്സ് രൂപത്തിൽ ദുരുപയോഗിച്ചതു സംബന്ധിച്ചു അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡി ജി പി ക്ക് നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു സമർപ്പിച്ച പരാതിയെത്തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്നും പാലാ വഴി എറണാകുളത്തിനു സൈക്കിളിൽ പോകുകയായിരുന്ന വിദേശസഞ്ചാരികളാണ് ഇന്ത്യൻ ദേശീയപതാക ദുരുപയോഗിച്ചതെന്ന് എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. 15 ഓളം വരുന്ന വിദേശ സഞ്ചാരികൾ പാലാ വഴി കടന്നു വരുമ്പോഴാണ് ഇവർ ധരിച്ചിരുന്ന ജാക്കറ്റിനു പിന്നിൽ താഴെയായി പേഴ്സ് രൂപത്തിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗിച്ചത് എബിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു സൈക്കിൾ യാത്രികരെ തടഞ്ഞു നിർത്തി ഇന്ത്യയുടെ ദേശീയപതാക ദുരുപയോഗം ചെയ്യരുതെന്നാവശ്യപ്പെട്ടു. സഞ്ചാരികളുടെ ഒപ്പമുണ്ടായിരുന്ന മലയാളി ഗൈഡ് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അപമര്യാദയായി പെരുമാറിയെന്നും എബി ജെ ജോസ് പരാതിപ്പെട്ടു. ഇതിനു ശേഷം ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടു വാഹനങ്ങളിൽ സഞ്ചാരികളെയും സൈക്കിളുകളും കയറ്റി നടത്തിപ്പുകാർ സ്ഥലം വിടുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ എറണാകുളം കേന്ദ്രീകരിച്ചു സാഹസിക സ്പോർട്സ് സംഘടിപ്പിക്കുന്ന ഒരു സ്ഥാപനമാണ് വിദേശ സഞ്ചാരികളെ ഇന്ത്യയിൽ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

1971ലെ നാഷണൽ ഹോണർ ആക്ട്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ പ്രകാരം ഈ വിധം ദേശീയപതാക ദുരുപയോഗിക്കുന്നത് കുറ്റകരമാണ്. മൂന്നു വർഷം തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കത്തക്കവിധമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നത്. നിയമങ്ങൾക്കു പുറമേ ദേശീയപതാക ദുരുപയോഗിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് വിദേശിയർക്കു ബോധ്യമില്ലാത്തതിനാൽ അവരെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടത് സംഘാടകരാണെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇതേക്കുറിച്ച് അറിയിച്ചപ്പോൾ തങ്ങളുടെ ബാധ്യതയല്ല എന്ന നിലപാടാണ് സംഘാടകർ സ്വീകരിച്ചതെന്ന് എബി കുറ്റപ്പെടുത്തി. വിദേശീയരെ കൊണ്ടുവരുന്ന സംഘാടകർക്കെതിരെ ഇത്തരം വിഷയങ്ങളിൽ നടപടി എടുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഏതാനും വർഷം മുമ്പ് ഒരു വിദേശി കാറിൽ ദേശീയപതാക തോർത്തു പോലെ ഉപയോഗിച്ച് അവഹേളിച്ചതിനെതിരെയും എബിയുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button