KeralaLatest NewsNews

വടക്കാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത മൃതദേഹം തിരിച്ചറിഞ്ഞു

തൃശ്ശൂര്‍: വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒറ്റപ്പാലം സ്വദേശി കുഞ്ഞുലക്ഷ്മിയുടേതെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവരെ കൊന്ന് കത്തിച്ചതല്ലെന്നാണ് വ്യക്തമാക്കുന്നത്. ആത്മഹത്യയാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന കുഞ്ഞു ലക്ഷ്മി കുറാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ടാഴ്ച്ച കിടത്തി ചികിത്സക്ക് വിധേയയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബറിലാണ് അവസാനമായി ആരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ കുഞ്ഞുലക്ഷ്മിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഒമ്പതാം തീയതി ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമായി നടന്ന് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയപ്പോള്‍ കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ഈ വഴിക്ക് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സൂചനയില്ല. കൊന്ന് കത്തിച്ചതല്ലെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ പരുക്കുകളൊന്നും ഇല്ലാത്തതും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, ഈ നിലപാടുകള്‍ ബന്ധുക്കള്‍ അംഗീകരിക്കുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button