KeralaLatest NewsNews

സര്‍ എന്നോ, മാഡം എന്നോ വിളിക്കുന്നില്ല; സംസ്ഥാന പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പരാതിക്കാരെ സര്‍, മാഡം എന്നു വിളിക്കുന്നില്ല. സംസ്ഥാന പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. പോലീസുകാര്‍ പരാതിക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സര്‍ എന്നോ, മിസ്റ്റര്‍ , മാഡം , മിസിസ് എന്നോ നിര്‍ബന്ധമായി കൂട്ടിച്ചേര്‍ക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും അത് പാലിക്കപ്പെടാത്തതിനെതിരെയാണ് മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹനദാസിന്റെ വിമര്‍ശം. മുന്ന് വര്‍ഷം മുമ്പാണ് മനുഷ്യവകാശ കമ്മീഷന്‍ ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.

2017 ല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി കോഴിക്കോട് ആം ഓഫ് ജോയ് മാനേജിങ്ങ് ട്രസ്റ്റി അനൂപ് ഗംഗാധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് മേധാവി ബാധ്യസ്ഥനാണെന്നും നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ ഉത്തരവ് റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ ഇറക്കിയ ഉത്തരവ് നടപ്പാകാതെയിരിക്കുകയല്ല പോലീസുകാര്‍ ചെയ്യേണ്ടതെന്നും പി. മോഹനദാസ് കുറ്റപ്പെടുത്തി.

പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് നടപ്പാക്കാത്തത് തെറ്റാണ്. കേരള പൊലീസ് ആക്റ്റ് 2011 ലെ അഞ്ചാം അധ്യായത്തില്‍ പൊലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് ദേഷ്യപ്പെടാനോ, എടാ, എടീ എന്നൊക്കെ വിളിക്കാനോ പാടുള്ളതല്ല. പൊലീസ് ആക്ടിന്റെ 29 ആം വകുപ്പ്, പൊലീസ് സേന മുഴുവനായി വായിച്ച് മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ജനമൈത്രി പൊലീസ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും ജനങ്ങള്‍ പൊലീസിനെ ശത്രുവായി കാണുന്ന സ്ഥിതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഔദ്യാഗികമായി പൊലീസ് സേനയ്ക്ക് പൊലീസ് മേധാവി നല്‍കിയിട്ടുണ്ടോ, അത് പൊതുജനങ്ങളെ അറിയിക്കുന്ന രീതിയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് പരാതിക്കാരന്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ വിമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button