ഷൊര്‍ണൂര്‍ : അഞ്ചേക്കറും വീടും ഉണ്ടായിരുന്ന ആ അമ്മയും മകളും ഇപ്പോള്‍ അന്തിയുറങ്ങുന്നത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത്, ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. താമസിക്കാനിടമില്ലാതെ ദിവസവും 50 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഈ അമ്മയും മകളും ഗുരുവായൂരിലെത്തി ക്ഷേത്രത്തില്‍ അന്തിയുറങ്ങുന്നത്. ഇവര്‍ക്ക് വേണ്ട അടിയന്തര സഹായം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
80 വയസ്സുള്ള അമ്മിണിയും 52 വയസ്സുള്ള മകള്‍ കാമാക്ഷിയും എന്നും രാത്രി ഷൊര്‍ണൂരില്‍നിന്നു ബസ് കയറി 50 കിലോമീറ്റര്‍ അകലെയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയാണ് തലചായ്ക്കുന്നത്. ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കിടന്നുറങ്ങി പിറ്റേന്നു കണ്ണനെ കണ്ടു തൊഴുത് ഷൊര്‍ണൂരിലേക്കു മടങ്ങും. പരിചയമുള്ള കടകളിലും വീടുകളിലും ചെറിയ പണികള്‍ ചെയ്തു പകല്‍ ചെലവിടും. രാത്രി വീണ്ടും ഗുരുവായൂരിലേക്ക് തിരിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുഡുവാലത്തൂരില്‍ അഞ്ചേക്കര്‍ സ്ഥലവും വീടും അമ്മിണിയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, എല്ലാം പല കാലത്ത് പല കാരണങ്ങളാല്‍ അന്യാധീനപ്പെട്ടുപോയി. കാമാക്ഷിക്ക് ഒരു മകനുണ്ട്, രാജന്‍.കുട്ടിക്കാലത്തുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന രാജന്‍, കളിമണ്ണില്‍ കരകൗശല വസ്തുക്കളുണ്ടാക്കും. ഷൊര്‍ണൂര്‍ കാരക്കാട്ടെ സന്നദ്ധ സംഘടന ‘ജീവഥ’ നല്‍കിയ ബങ്ക് ഷോപ്പില്‍ ലോട്ടറി വില്‍ക്കുകയാണ്. മണ്‍പാത്ര തൊഴിലാളി വ്യവസായ സഹകരണ സംഘം ഓഫിസിന്റെ തിണ്ണയിലാണ് ഉറക്കം.
Post Your Comments