അൽഹസ/ തിരുവനന്തപുരം: നവയുഗം സാംസ്ക്കാരികവേദി യൂണിറ്റ് ഭാരവാഹിയായിരുന്ന, മുന്‍പ്രവാസി അബുബക്കര്‍ നാസറിന്റെ നിര്യാണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായധനം കൈമാറി.
തിരുവനന്തപുരം ചിറഴിന്‍കീഴ് സ്വദേശിയായ അബുബക്കര്‍ നാസർ നവയുഗത്തിന്റെ അല്‍ഹസ്സ മേഖലയിലെ സജീവപ്രവര്‍ത്തകനും, മസറോയ്യ യൂണിറ്റ് ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ വർഷം കഠിനമായ രോഗബാധയെതുടർന്ന് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ചു ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി. നാട്ടില്‍ പോയി നടത്തിയ രോഗനിര്‍ണ്ണയത്തെത്തുടര്‍ന്നു “ബ്ലഡ് ക്യാൻസർ ” ആയിരുന്നു രോഗം എന്ന് മനസ്സിലാക്കി ചികിത്സ തുടങ്ങിയെങ്കിലും, പിന്നീട് രോഗം മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയത്ത് അദ്ദേഹം മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിയ്ക്കാനായി നവയുഗം അൽഹസ്സ മേഖല കമ്മിറ്റി മുന്നിട്ടിറങ്ങുകയും, നവയുഗത്തിന്റെ എല്ലാ ഘടകങ്ങളിലും ഉള്ള പ്രവർത്തകരുടെ സഹായത്തോടെ സഹായധനം സമാഹരിയ്ക്കുകയും ചെയ്തു.
നവയുഗം അൽഹസ മേഖല ജീവകാരുണ്യ കൺവീനർ ലത്തീഫ് മൈനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നാസറിന്റെ കുടുംബവീട്ടിൽ എത്തിയ കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി സുനീർ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ കുടുംബസഹായഫണ്ട് നാസറിന്റെ ഭാര്യാമാതാവിന് കൈമാറി. പ്രവാസി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ്, കൊല്ലം ജില്ലാ സെക്രട്ടറി സുലൈമാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ യേശുദാസൻ, റഷീദ് മൈനാഗപ്പള്ളി, സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ടൈറ്റസ്, എം.അനിൽകുമാർ, ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments