ദില്ലി: സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ ഏഴ് സൂചനകള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക രംഗം പ്രതിസന്ധിയിലല്ലെന്ന് പറയനാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങളില്ലെന്നും അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യമേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.03 ലക്ഷം കോടിയുടെ നിക്ഷേപമുണ്ടാകുമെന്നും വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വിദേശ നിക്ഷേപം വര്‍ധിക്കുകയാണ്. ഫാക്ടറി ഉല്‍പാദനത്തിലും വര്‍ധനവുണ്ടാകുന്നു. കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാനം ലക്ഷം കോടി കവിഞ്ഞതും നല്ല സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ, പൊതു ഉപഭോഗം എന്നിവയില്‍ കുതിപ്പുണ്ടാകാനാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
പ്രാപ്തി കുറഞ്ഞവര്‍ ധനകാര്യം ഭരിക്കുന്നതിനാല്‍ രാജ്യത്തെ സാമ്പത്തിക രംഗം താളം തെറ്റിയെന്ന് കഴിഞ്ഞ ദിവസം മുന്‍ധനമന്ത്രി പി ചിദംബരം വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി പ്രാപ്തിയുള്ള ഡോക്ടര്‍മാര്‍ ഭരിച്ചിരുന്ന യുപിഎയുടെ കാലത്ത് ധനക്കമ്മി കൂടുതലായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
Post Your Comments