തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിനു മുകളില്‍ വ്യാജപ്രവേശനം നടന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) നടത്തിയ പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 1,38,007 വിദ്യാര്‍ഥികളുടെ പ്രവേശനം വ്യാജമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആറാം പ്രവൃത്തി ദിവസം സ്‌കൂളുകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ യു.ഐ.ഡിയില്‍ (ആധാര്‍) രണ്ട് തവണയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം വ്യാജ പ്രവേശനം കണ്ടെത്തിയത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു. 1.38 ലക്ഷം വ്യാജ പ്രവേശനത്തില്‍ 1,19,786 പേരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ്. കൂടുതല്‍ വ്യാജ പ്രവേശനം എയ്ഡഡ് സ്‌കൂളുകളിലാണ് -71,079.
എയ്ഡഡ് സ്‌കൂള്‍ നിയമത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിക്കായി കെ.ഇ.ആര്‍ ഭേദഗതി കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ മാനേജ്മന്റെുകള്‍ രംഗത്തുവരുന്നതിനിടെയാണ് വ്യാജ വിദ്യാര്‍ഥി പ്രവേശനം സംബന്ധിച്ച രണ്ടാം പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിദ്യാര്‍ഥി പ്രവേശനം പെരുപ്പിച്ചുകാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കാനും നിലവിലുള്ളവ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇല്ലാത്ത കുട്ടികളെ സ്‌കൂള്‍ രേഖയില്‍ ചേര്‍ക്കുന്നത്.
Post Your Comments