KeralaLatest NewsNews

50 പാക്കറ്റ് കഞ്ചാവുമായി ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവ് പൊതികളുമായി ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നീറായിക്കോട് വാഴവിള മേലതില്‍ ജിബിന്‍ പി. വര്‍ഗീസ് (20), കീഴാറ്റൂര്‍ എഎ ഹൗസില്‍ അഖില്‍കുമാര്‍ (21), കാസര്‍കോട് ഉപ്പള വെള്ളൂര്‍ മന്‍സിലില്‍ മുഹമ്മദ് ബുര്‍ഹാന്‍ (23) എന്നിവരാണു പിടിയിലായത്. ചടയമംഗലം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

നീറായിക്കോട് ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഈ ഭാഗത്തെ വാടക വീട്ടില്‍ രാത്രി കാലങ്ങളില്‍ മുന്തിയ ബൈക്കുകളില്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി വന്നു പോകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീടും പരിസരവും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.

മംഗലപുരത്തുള്ള മൊത്ത വ്യാപാരികളില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് ബുര്‍ഹാനാണ് ആയൂരില്‍ എത്തിക്കുന്നത്. ഇതിനു ശേഷം ഇവ ചെറിയ പൊതികളാക്കി ജിബിന്‍, അഖില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. പതിനായിരം രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 25,000 മുതല്‍ 30,000 രൂപയ്ക്കാണു വില്‍പന നടത്തിയിരുന്നത്. ചെറു പൊതിക്ക് ഡിമാന്‍ഡ് അനുസരിച്ചു 400 മുതല്‍ 600 രൂപ ഈടാക്കിയിരുന്നതായും പറയുന്നു.

ബുര്‍ഹാന്‍ ആയൂരിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. ഇയാള്‍ക്കു താമസിക്കുന്നതിനു വേണ്ടിയാണ് നീറായിക്കോട് ഭാഗത്ത് വീട് വാടകയ്ക്കു എടുത്തു നല്‍കിയത്. ജിബിന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ എക്‌സ്‌റേ ടെക്നീഷ്യന്‍ ട്രെയിനിയായി ജോലി ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button