KeralaLatest NewsNews

നാളത്തെ പൗരത്വങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ടാകും ; ഇത് ബഹുഭൂരിപക്ഷം ആകുന്ന ഒരു കാലം അതി വിദൂരമല്ല ; മുരളി തുമ്മാരുകുടി

ഇപ്പോള്‍ ഏറെ ചര്‍ച്ച വിഷയം പൗരത്വമാണ്. നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അതിന്മേല്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ പ്രശസ്ത എഴുത്തുകാരന്‍ മുരളിതുമ്മാരുകുടിയുടെ ഭാവനയിലുമുണ്ട് പൗരത്വത്തെ കുറിച്ച്. അതായത് രണ്ട് തരത്തിലുള്ള പൗരത്വം. അറെ ചിന്തിക്കേണ്ടതു തന്നെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതായത് മൊബാല്‍ ഇന്റര്‍നെറ്റില്‍ അടിമപ്പെട്ടവരുടെയും അല്ലാത്തവരുടെയുമായ ലോകമാണ് ഇപ്പോള്‍ എന്നുള്ളത് നേര്‍ കാഴ്ചയാക്കുന്ന കുറിപ്പാണ് അദ്ദേഹത്തിന്‍െത്.

ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം നല്‍കുന്നതും എന്നും പൗരത്വം ലഭിച്ചാല്‍ പകരമായി നമ്മള്‍ രാജ്യത്തിന് തിരിച്ചു കൊടുക്കേണ്ടത് എന്തെല്ലാം എന്നതും എന്നാല്‍ ഇനി വരാന്‍ പോകുന്ന പൗരത്വത്തെ രണ്ടായി തിരിച്ചു കാണാം എന്നും അവ അതിരുകളില്ലാത്ത ആഗോള നെറ്റ്വര്‍ക്കുകളില്‍ ഉള്ള അംഗത്വം. ജീവിക്കുന്ന നഗരത്തിലുള്ള പൗരത്വം എന്നിങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതിനു കാരണങ്ങളുമുണ്ട്.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാര്‍..

ലോകത്ത് എഴുന്നൂറ്റി എണ്‍പത് കോടി ജനങ്ങള്‍ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്

ലോകത്ത് നാനൂറ്റി അന്‍പത് കോടി ആളുകള്‍ ഇന്റര്‍നെറ്റില്‍ പരസ്പര ബന്ധിതമാണെന്നാണ് മറ്റൊരു കണക്ക്

ലോകത്തെ ഇരുന്നൂറ്റി അന്‍പത് കോടി ജനങ്ങള്‍ ആണ് രണ്ടായിരത്തി പത്തൊമ്പത് അവസാനം ഫേസ്ബുക്കില്‍ അംഗത്വം ഉള്ളത്

ലോകത്ത് ഇരുന്നൂറോളം രാജ്യങ്ങള്‍ ഉണ്ട്.യു എന്‍ അംഗ രാജ്യങ്ങള്‍ തന്നെ നൂറ്റി തൊണ്ണൂറ്റി മൂന്ന് ഉണ്ട്.

ഇതില്‍ ഏറ്റവും ജനസംഖ്യ ഉള്ളത് ചൈനയില്‍ ആണ്. നൂറ്റി നാല്പത് കോടിയോളം..

ഞാന്‍ പറഞ്ഞു വരുന്നത്, ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തെക്കാളും ആളുകള്‍ ഫേസ്ബുക്കില്‍ ഉണ്ട്.

‘എന്നാല്‍ പിന്നെ അവരെ ഒരു രാജ്യമായി അങ്ങ് പ്രഖ്യാപിച്ചു കൂടെ ?’, അപ്പോള്‍ ഫേസ്ബുക്ക് പേജ് ഉള്ളവര്‍ക്കെല്ലാം പൗരത്വവും കൊടുക്കാം !

ഇപ്പോഴത്തെ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് അതിനൊരു പരിമിതിയുണ്ട്. ഓരോ രാജ്യത്തിനും പരമാധികാരമുള്ള ഒരു തുണ്ട് ഭൂമിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് വയ്പ്പ്. അതുകൊണ്ടാണ് നൂറ്റി പത്ത് ഏക്കറുള്ള വത്തിക്കാന്‍ സ്വതന്ത്ര രാജ്യമായിരിക്കുന്നതും അതിലൊക്കെ എത്രയോ കൂടുതല്‍ ഏക്കറുള്ള നമ്മുടെ തേയില എസ്‌റേറ്റുകളും റബ്ബര്‍ എസ്‌റേറ്റുകളും ഒന്നും രാജ്യമല്ലാതിരിക്കുന്നതും.

പക്ഷെ ഈ നിയമങ്ങള്‍ ഒക്കെ മനുഷ്യര്‍ ഉണ്ടാക്കിയതാണ്, അതുകൊണ്ട് തന്നെ മനുഷ്യര്‍ക്ക് മാറ്റാവുന്നതും ആണ്.

അതിന് മുന്‍പ് എന്താണ് ഒരു രാജ്യത്തെ പൗരത്വം കൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

1. ജീവനും സ്വത്തിനും സംരക്ഷണം
2. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ കാര്യങ്ങള്‍ നേടുന്നതിനുള്ള സഹായം
3.വയസ്സുകാലത്തെ സംരക്ഷണം
4. സ്വന്തം ഇഷ്ടപ്രകാരം പങ്കാളി, ജീവിത രീതി, മതം, ഇതൊക്കെ തിരഞ്ഞെടുക്കാനുള്ള അവകാശം
5. സ്വന്തം രാജ്യത്തെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം
6. സ്വന്തം രാജ്യത്ത് ഭരണാധികാരിയാകാന്‍ വേണ്ടി ശ്രമിക്കാനുള്ള അവകാശം
7.മറ്റു രാജ്യങ്ങളില്‍ പോയി കുഴപ്പത്തിലായാല്‍ സഹായം കിട്ടാനുള്ള അവകാശം
7. സ്വന്തം അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം.

ഇതൊക്കെ ഏറ്റവും അടിസ്ഥാനമാണെന്ന് തോന്നിയാലും ലോകത്തെ അനവധി രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് ഈ അവകാശങ്ങള്‍ പലതുമില്ല.ഉദാഹരണത്തിന് സ്വന്തം രാജ്യത്തെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ലോകത്തെ ശതകോടിക്കണക്കിന് പൗരന്മാര്‍ക്കും ഇല്ല. സ്വന്തം രാജ്യത്തെ ഭരണാധികാരിയാകാന്‍ ശ്രമിക്കുന്നത് ലോകത്തെ അനവധി രാജ്യങ്ങളില്‍ പൗരത്വമോ എന്തിന് തലയോ പോകാനുള്ള എളുപ്പ വഴിയാണ് !.

പൗരത്വത്തിന് പകരമായി നമ്മള്‍ രാജ്യത്തിന് തിരിച്ചു കൊടുക്കേണ്ട ചിലതുമുണ്ട്.

1. ആ രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കുക
2. ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുക
3. കരം കൊടുക്കുക
4 . രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ ആയുധമെടുത്തും പോരാടുക

തല്‍ക്കാലമെങ്കിലും നമ്മുടെ പൗരത്വം നമ്മള്‍ അല്ല തിരഞ്ഞെടുക്കുന്നത്, നമ്മള്‍ എവിടെ ജനിച്ചോ അല്ലെങ്കില്‍ നമ്മുടെ അച്ഛനമ്മമാര്‍ എവിടെ ജനിച്ചോ അതൊക്കെ അനുസരിച്ചാണ് നമ്മുടെ പൗരത്വം തീരുമാനിക്കപ്പെടുന്നത്. സ്വന്തം ഇഷ്ടപ്രകാരം പൗരത്വം കിട്ടുക എന്നതോ, ഒരു രാജ്യത്തെ പൗരത്വം മാറ്റി മറ്റൊരു രാജ്യത്തെ പൗരത്വം കിട്ടുക എന്നതോ ഒന്നും ലോകത്തെ ബഹുഭൂരിപക്ഷത്തിനും എളുപ്പമല്ല. മുള്ളുവേലിയുള്‍പ്പടെ അതിരുകള്‍ ഉള്ളൊരു ലോകത്താണ് നമ്മള്‍ ഇന്നും ജീവിക്കുന്നത്.

നാളെ പക്ഷെ അങ്ങനെ ആകണമെന്നില്ല. അങ്ങനെ ആയിരിക്കില്ല എന്നതാണ് എന്റെ വിശ്വാസം. ഇതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്.

ഒന്നാമത് ഇന്റര്‍നെറ്റ് എന്ന പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുന്ന പരസ്പര ബന്ധത്തില്‍ കൂടി അതിരുകളില്ലാത്ത മഹാ സാമ്രാജ്യങ്ങള്‍ ആണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെക്കാളും സാമ്പത്തിക ശേഷിയും അവരുടെ അംഗങ്ങളെ പറ്റി അറിവും, അവരെ നിയന്ത്രിക്കാനുള്ള കഴിവുമുള്ള ആഗോളഭീമന്മാര്‍ ഇപ്പോള്‍ തന്നെ ലോകത്തുണ്ട്.ഇത് വളരാന്‍ പോവുകയാണ്. അതിര്‍ത്തിയും പട്ടാളവും ആയി ചിന്തിക്കുന്ന രാജ്യങ്ങള്‍ക്ക് അതിരുകളില്ലാത്ത ഈ സാമ്രാജ്യങ്ങളോട് മത്സരിക്കാന്‍ പറ്റാതെ വരും. സ്വന്തം നിലനില്പിനും വരുമാനത്തിനും ഒക്കെ ഇത്തരം ആഗോളഭീമന്മാരെ ആശ്രയിക്കേണ്ടി വരുന്ന രാജ്യങ്ങള്‍ക്ക് അവരുടെ അതിരുകള്‍ ഒക്കെ തുറന്നിടാന്‍ നിര്‍ബന്ധിതമാകും.

രണ്ടാമത് ലോകത്തെ ഭൂരിപക്ഷം ആളുകളും ഇപ്പോള്‍ തന്നെ നഗരങ്ങളില്‍ ആണ് ജീവിക്കുന്നത്. ഇത് ബഹുഭൂരിപക്ഷം ആകുന്ന ഒരു കാലം അതി വിദൂരമല്ല. ലോകത്തിലെ കൂടുതല്‍ ആളുകള്‍ക്കും കൂടുതല്‍ താല്പര്യമുള്ളത് അവര്‍ ജീവിക്കുന്ന നഗരത്തെ പറ്റിയാണ്, കാരണം അവിടുത്തെ ജലം,വായു, ട്രാഫിക്ക്, സുരക്ഷ, ഭരണത്തിലുള്ള പങ്കാളിത്തം, നല്ല നേതൃത്വം,അഭിപ്രായ സ്വാതന്ത്ര്യം ഇതൊക്കെയാണ് ആളുകള്‍ക്ക് പ്രധാനം. അവിടേക്ക് നികുതി കൊടുക്കാനാണ് ആളുകള്‍ക്ക് താല്പര്യം കാരണം അവരുടെ നികുതി പണം അവര്‍ക്ക് വേണ്ടിയാണ് ചിലവാക്കുന്നത് എന്ന് ആളുകള്‍ക്ക് ഉറപ്പിക്കാം. അവിടുത്തെ ഭരണ സംവിധാനത്തിലും ഭരണ നേതൃത്വത്തിലും ആണ് ആളുകള്‍ക്ക് കൂടുതല്‍ താല്പര്യമുണ്ടാവുക, കാരണം അതിന്റെ പ്രത്യാഘാതം അടുത്തും പെട്ടെന്നുമാണ്.

അതിരുകളില്ലാത്ത ഒരു ലോകം വരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളിലേക്കാണ് ലോകത്തിലെ മിടുക്കന്മാരും മിടുക്കികളും ഒഴുകിയെത്താന്‍ പോകുന്നത്. അങ്ങനെ മിടുക്കന്മാരും മിടുക്കികളും ഒഴുകിയെത്തുന്ന നഗരങ്ങളാണ് സാമ്പത്തികമായും സാമൂഹ്യമായും മുന്നോട്ടു പോകാന്‍ പോകുന്നത്. ഈ നഗരങ്ങള്‍ക്ക് ഇന്ന് നമ്മള്‍ ഹോട്ടലിനൊക്കെ റിവ്യൂവും സ്റ്റാറും കൊടുക്കുന്നത് പോലെ ആളുകള്‍ റേറ്റിംഗ് കൊടുക്കും.ഓരോ നഗരവും അവരുടെ റേറ്റിങ്ങിനനുസരിച്ച് അവരുടെ ‘പൗരത്വത്തിന്’കൂടുതല്‍ ‘വില’ വക്കും, റേറ്റിങ് കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

അതുകൊണ്ട് തന്നെ നാളത്തെ പൗരത്വങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. അതിരുകളില്ലാത്ത ആഗോള നെറ്റ്വര്‍ക്കുകളില്‍ ഉള്ള അംഗത്വം. ജീവിക്കുന്ന നഗരത്തിലുള്ള പൗരത്വം. മറ്റുള്ളതെല്ലാം അപ്രസക്തമാകും.

അതും ഒരു കിനാശ്ശേരി..

മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button