ചെന്നൈ: ഇന്നലെ വൈകിട്ടോടെ വിജയിന്റെ വീട്ടിലെത്തിയ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണ്. ബിഗിലിന്റെ നിര്‍മ്മാണത്തിന് പണം നല്‍കിയ സിനിമ ഫിനാന്‍ഷ്യര്‍ അന്‍പുചെഴിയനില്‍ നിന്നും കണക്കില്‍ പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. വിജയുടെ ഭാര്യ സംഗീത അടക്കമുളളവര്‍ വീട്ടിലുണ്ട്. സംഗീതയേയും ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിജയിയുടെ നിക്ഷേപങ്ങളും സ്ഥാവര സ്വത്തുവകകളുമാണ് പരിശോധിക്കുന്നത്.വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്ലെല്ലാം വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയിലേക്കും എത്തിയിരിക്കുന്നത്. സിനിമ നിര്‍മാണത്തിന് വായ്പ കൊടുക്കുന്നതില്‍ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് അന്‍പു ചെഴിയന്‍.
ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.ഇന്നലെ വൈകീട്ട് മുതല്‍ നടന്‍ വിജയ് ആദായ നികുതി വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. വിജയിയെ കസ്റ്റഡിയിലെടുക്കാന്‍ രഹസ്യ നീക്കമായിരുന്നു വകുപ്പ് നടത്തിയത്. ആരെയും അറിയിക്കാതെയായിരുന്നു മസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍റെ സ്ഥലത്ത് അസി. കമ്മീഷ്ണര്‍ കൃഷ്ണകാന്തിന്‍റെ നേതൃത്വത്തിലുള്ള ആറംഗ ആദായ വകുപ്പ് സംഘം വിജയിയെ തേടി എത്തിയത്.ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിംഗാണ് വിജയിന് കുരുക്ക് മുറുക്കിയിരിക്കുന്നത്.
ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെയാണ് എന്‍എല്‍സി കോമ്പൗണ്ടിന് പുറത്ത് വകുപ്പ് അധികൃതര്‍ എത്തിയത്. മെയിന്‍ ഗേറ്റില്‍ ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതല ഉള്ളവര്‍ തടയുകയായിരുന്നു. തിരിച്ചറിയാല്‍ കാര്‍ഡ് കാണിച്ചിട്ടും സെന്‍ട്രല്‍ ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.ബിഗിലിന് വേണ്ടി വിജയ് 30 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് സിനിമയുടെ നിര്‍മാതാക്കളും അന്‍പ് ചെഴിയനും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ട്.
മാത്രമല്ല വിജയ് നല്‍കിയ ആദായ നികുതി രേഖകളും ഈ മൊഴികളുമായി ചേര്‍ന്ന് പോകുന്നതല്ല എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ബിഗില്‍ സിനിമ നേടിയ 180 കോടി രൂപയില്‍ സിംഹഭാഗവും ശമ്പളമായി വിജയ് നേടിയെന്നും ഇതില്‍ നികുതി വെട്ടിപ്പ് നടന്നെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.അന്‍പുവും വിജയിയും തമ്മില്‍ അനധികൃത ഇടപാടുകള്‍ നടന്നതായുള്ള രേഖകകള്‍ വിജയിയുടെ ഈസ്റ്റ് കോസ്റ്റ് വസതിയില്‍ ഉള്ള വീടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചതായി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ചെന്നൈയിലേക്ക് നടനെ തങ്ങള്‍ കൂട്ടികൊണ്ട് വരികയായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.ഭാര്യ കഴിയുന്ന ചെന്നൈയിലെ വസതിയിലേക്ക് താനും വരാമെന്ന് വ്യക്തമാക്കി വിജയ് തന്നെയാണ് തങ്ങള്‍ക്കൊപ്പം ഷൂട്ടിങ്ങ് പാക്ക് അപ് ചെയ്ത് വന്നത്. പരിശോധന പൂര്‍ത്തിയാക്കാതെ റെയ്ഡ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചില രേഖകള്‍ വിജയിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ് എന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ബിജെപി വിരുദ്ധ നിലപാടുകളുടെ പേരില്‍ വിജയിക്ക് എതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്നാണ് ആരാധകര്‍ അടക്കം ആരോപിക്കുന്നത്. അതേസമയം നടികര്‍ സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments