ഇന്ന് ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനം. ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രാമാണ്. ഇത്തരത്തില്‍ കാന്‍സറിനെ അതിജീവിച്ചവര്‍ നമ്മുടെ ചുറ്റും ധാരാളം പേരുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും മെഡിക്കല്‍ സഹായം തേടുക. തുടര്‍ച്ചയായി വരുന്ന അസുഖങ്ങള്‍ വെച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതല്‍ പൈല്‍സ് വരെ ശ്രദ്ധിക്കണം. നിപ്പപോലുള്ളവ അതിജീവിച്ചവരാണ് നമ്മള്‍. മോഡേണ്‍ മെഡിസിന്‍ അത്രത്തോളം അഡ്വന്‍സ്ഡ് ആണ്- ക്യാന്‍സറിനെ അതിജീവിച്ച ഷെരീഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ക്യാന്‍സറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക. പ്രതേകിച്ചും സര്‍വൈവ് ചെയ്തവര്‍. ഇന്നും കൃത്യമായ കൗണ്‍സലിംഗ് നല്‍കുന്നതില്‍ നമ്മള്‍ പിന്നിലാണ് എന്നത് യാഥാര്‍ഥ്യമാണ്. അസുഖം കണ്ടെത്തിയാല്‍ ഏറ്റവും അടുത്തവര്‍ അവരെ ചേര്‍ത്ത്പിടിക്കുക. മാനസികാരോഗ്യം ഇവരെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. ദീര്‍ഘമായ ഒരാലിംഗനം, കൂടെയുണ്ടെടാ എന്നൊരു വാക്ക് അതൊക്കെ മതിയാകും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനെന്നും ഷെരീഫ് പോസ്റ്റില്‍ പറയുന്നു.
ഷെരീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബയോപ്‌സി റിപ്പോര്‍ട്ടില്‍ അസുഖം ഡയഗ്നോസ് ചെയ്തപ്പോയും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കുറച്ചു മാറിനിന്ന് ഒരു സിഗരറ്റിനു തീ കൊടുത്തു ആസ്വദിച്ചു വലിച്ചു പുകയൂതി വിട്ടു. ആരോടും പറയാനുണ്ടായിരുന്നില്ല. സിഗരറ്റ് നല്‍കിയിരുന്ന ആത്മവിശ്വാസം ഭയങ്കരമായിരുന്നു.
അജീഷിനോടും അനീഷിനോടും മാത്രമാണ് പറഞ്ഞിരുന്നത്. ജീവിതത്തില്‍ മാസ്‌ക് ഇടാത്തത് കൊണ്ട് അടുത്തബന്ധുക്കള്‍ക്ക് പോലും അസ്വീകാര്യനായിരുന്നത് കൊണ്ട് കീമോതെറാപ്പി കഴിയുന്നതു വരെ രഹസ്യമാക്കി കൊണ്ട്‌നടന്നു. അജീഷിന്റെ സപ്പോര്‍ട്ട് ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ എത്രദൂരം മുന്നോട്ട് പോകുമായിരുന്നു എന്നറിയില്ല.
കീമോതെറാപ്പി കഴിഞ്ഞുള്ള അവശതകള്‍ക്കിടയിലാണ് ഇന്ത്യ 350 സിസി എഴുതുന്നത്. ഷിജിയാണ് കൂടെ കട്ടക്ക് നിന്നിരുന്നത്. ജോലിതിരക്കുകള്‍ക്കിടയിലും എഴുതിയത് വായിക്കാനും വിയോജിപ്പുകള്‍ പറയാനും ഷിജി സമയം കണ്ടെത്തി. ഇത്രയും തുറന്നെഴുതണോ എന്ന ആശങ്കപെട്ടതും അവള്‍ തന്നെ ആയിരുന്നു. ഷിജി ഇല്ലായിരുന്നു എങ്കില്‍ ആ പുസ്തകം ഉണ്ടാകുമായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്.
ബന്ധുക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ മോഹനന്‍ വൈദ്യരെയും മറ്റും കാണിക്കാനാണ് ഉപദേശിച്ചതു. കൂട്ടത്തില്‍ ദൈവനിഷേധമടക്കമുള്ള ഉപദേശങ്ങളും. മലയാളികള്‍ക്ക് രോഗികളോട് പെരുമാറേണ്ട ബേസിക് കാര്യങ്ങള്‍ പോലും അറിയില്ല. എന്ന് വച്ചാല്‍ കോമണ്‍സെന്‍സ് അടുത്തൂടേ പോയിട്ടില്ല. അക്കാദമിക് വിദ്യാഭ്യാസത്തിനൊന്നും മനുഷ്യരില്‍ മാറ്റമുണ്ടാക്കില്ല എന്ന് മനസിലാക്കിയ ദിവസങ്ങള്‍.
മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നാണ് അഗസ്ത്യര്‍കൂടം ട്രെക്കിങ്ങും ബോണക്കാട് പ്രേതബംഗ്‌ളാവ് യാത്രയും ഗോപിയുടെ കൂടെ ഉണ്ടാകുന്നത്. നടന്നും ഇരുന്നും ഇഴഞ്ഞും അഗസ്ത്യര്‍കൂടം തീര്‍ക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മോള്‍ഡ് ചെയ്ത് എടുക്കുകയായിരുന്നു. പിന്നീട് എത്ര എത്ര യാത്രകള്‍…ഇനിയൊരു ബൈക്ക് യാത്ര സാധ്യമല്ല എന്നുറപ്പുണ്ട്. പക്ഷേ മറ്റുരീതിയിലും യാത്ര ചെയ്യാമല്ലോ.
ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും മെഡിക്കല്‍ സഹായം തേടുക. തുടര്‍ച്ചയായി വരുന്ന അസുഖങ്ങള്‍ വച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതല്‍ പൈല്‍സ് വരെ ശ്രദ്ധിക്കണം. നിപ്പപോലുള്ളവ അതിജീവിച്ചവരാണ് നമ്മള്‍. മോഡേണ്‍ മെഡിസിന്‍ അത്രത്തോളം അഡ്വന്‍സ്ഡ് ആണ്.
ക്യാന്‍സറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക. പ്രതേകിച്ചും സര്‍വൈവ് ചെയ്തവര്‍. ഇന്നും കൃത്യമായ കൗണ്‍സലിംഗ് നല്‍കുന്നതില്‍ നമ്മള്‍ പിന്നിലാണ് എന്നത് യാഥാര്‍ഥ്യമാണ്. അസുഖം കണ്ടെത്തിയാല്‍ ഏറ്റവും അടുത്തവര്‍ അവരെ ചേര്‍ത്ത്പിടിക്കുക. മാനസികാരോഗ്യം ഇവരെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. ദീര്‍ഘമായ ഒരാലിംഗനം, കൂടെയുണ്ടെടാ എന്നൊരു വാക്ക് അതൊക്കെ മതിയാകും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍.
Post Your Comments