ഫീനിക്സ്: ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ച ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ദത്തെടുത്ത മറ്റു മൂന്ന് കുട്ടികളെ ശിശുക്ഷേമ അധികൃതര്‍ ഏറ്റെടുത്തു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം രണ്ട് വര്‍ഷത്തിലേറെയായി ഒരു അറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.
കുട്ടികളെ ദേഹോപദ്രവം ചെയ്യല്‍, മൃതദേഹം ഉപേക്ഷിക്കുകയോ മറച്ചുവെക്കുകയോ ചെയ്യല്‍, വീടിന് തീ വെയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചാര്‍ത്തി റാഫേല്‍ ലോറ (56), മാരിബെല്‍ ലോറ (50) എന്നിവര്‍ക്കെതിരെയാണ് മാരികോപ്പ കൗണ്ടി അറ്റോര്‍ണി ഓഫീസ് നേരിട്ട് പരാതി നല്‍കിയത്.
ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് പുക വരുന്നതു കണ്ടതിനെത്തുടര്‍ന്നാണ് ജനുവരി 28 ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് ഒരു കുട്ടിയുടെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വീടിന് തീ പിടിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, അരിസോണ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ചൈല്‍ഡ് സേഫ്റ്റിയിലെ അന്വേഷകര്‍ കുട്ടികളെ ദേഹോപദ്രവം ഏല്പിച്ചുവെന്നാരോപിച്ച് 9 വയസ്സുള്ള ആണ്‍കുട്ടിയെയും 4 വയസ്സുകാരിയെയും വീട്ടില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
ദത്തെടുത്ത കുട്ടികളായതുകൊണ്ട് ശിശുക്ഷേമ അധികൃതര്‍ ജനുവരി 20 ന് അന്വേഷണം ആരംഭിച്ചിരുന്നു. പതിനൊന്നു വയസുകാരി പെണ്‍കുട്ടി രണ്ട് ദിവസമായി വീട്ടില്‍ തനിച്ചാണെന്നും, ഭയമാണെന്നും വിശക്കുന്നുവെന്നും പോലീസിനെ വിളിച്ചു പറഞ്ഞിരുന്നു. അതനുസരിച്ചാണ് ശിശുക്ഷേമ അധികൃതര്‍ അന്വേഷണത്തിനെത്തിയത്. ആ സമയത്ത് മറ്റു കുട്ടികളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ അവര്‍ വീട്ടില്‍ നിന്ന് നീക്കം ചെയ്തതായി തിങ്കളാഴ്ച കൗണ്ടി പ്രൊസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ട കോടതി രേഖകളില്‍ പറയുന്നു.
ദമ്പതികളുടെ പരിചരണത്തിലുണ്ടായിരുന്ന മറ്റൊരു 11 വയസുള്ള പെണ്‍കുട്ടിയെക്കുറിച്ച് കഴിഞ്ഞ മാസം ശിശുക്ഷേമ അധികൃതര്‍ റാഫേല്‍ ലോറയോട് ചോദിച്ചിരുന്നു. കാരണം 2017 മുതല്‍ ഈ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ദമ്പതികള്‍ മറച്ചുവെച്ചിരുന്നു. എന്നാല്‍, കുട്ടി മെക്സിക്കോയിലേക്ക് പോയി എന്നാണ് അന്വേഷകരോട് പറഞ്ഞത്.
കൂടുതല്‍ ചോദ്യം ചെയ്യലില്‍, 2017 ജൂലൈയില്‍ കുട്ടിക്ക് അസുഖം വന്നെങ്കിലും ദിവസങ്ങളോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്നും പിന്നീട് കുട്ടി മരിച്ചുവെന്നും, മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് വീടിന്റെ മച്ചില്‍ വെച്ചെന്ന് ലോറ പറഞ്ഞു. ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയെ ദേഹോപദ്രവം ഏല്പിച്ചിരുന്നത് കണ്ടെത്തുമെന്ന ഭയമാണ് മൃതദേഹം അധികൃതരില്‍ നിന്ന് ഒളിപ്പിച്ചു വെച്ചതെന്ന് പ്രൊസിക്യൂട്ടര്‍ പറഞ്ഞു.
കുട്ടികളെ ഉപദ്രവിച്ചത് ഭാര്യയാണെന്നും ചൂലു കൊണ്ടും ഇലക്ട്രിക്കല്‍ വയറുകള്‍ കൊണ്ടും അടിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് റാഫേല്‍ ലോറ പോലീസിനോട് പറഞ്ഞു. ഭാര്യ തന്നെയും ഉപദ്രവിക്കുമെന്ന ഭയമാണ് അതെല്ലാം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നും ലോറ പറഞ്ഞു.
മാനസിക പിരിമുറുക്കം കൂടിയപ്പോഴാണ് വീടിന്റെ മച്ചില്‍ സൂക്ഷിച്ചിരുന്ന പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം വീടിന്റെ പുറകിലെത്തിച്ചതും വാഹനത്തില്‍ നിന്നെടുത്ത പെട്രോള്‍ ഒഴിച്ച് വീടിനടക്കം തീവെച്ചതെന്നും റാഫേല്‍ ലോറ പറഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments