ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ മതവിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പത്തുദിവസംകൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ പരിഗണിക്കേണ്ട പൊതുവായ നിയമപ്രശ്നങ്ങള്‍ക്ക് ബെഞ്ച് തിങ്കളാഴ്ചതന്നെ അന്തിമരൂപമാക്കാനാണ് സാധ്യത.
ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം എന്നീ വിഷയങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്.
മതവിശ്വാസവും ഭരണഘടനാ പ്രശ്നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ്, ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് മുന്നോട്ടുവച്ചത്. ഈ ഏഴു ചോദ്യങ്ങള്‍ മാത്രമാണ് ഒന്‍പത് അംഗ ബെഞ്ച് പരിഗണിക്കുക.ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ ബെഞ്ച് പരിഗണിക്കില്ല.
Post Your Comments