കൊച്ചി: പേരു മാറ്റി പണി വാങ്ങിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ലിസി മെട്രോ സ്റ്റേഷന്റെ പേര് ടൗണ്‍ ഹാള്‍ സ്റ്റേഷനെന്നു മാറ്റിയതോടെ കൊച്ചി മെട്രോയുടെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രതിഷേധ ട്രോളുകളാണ്. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ മറുവശത്തുളള ടൗണ്‍ ഹാളിന്റെ പേര് എങ്ങനെയാണു സ്റ്റേഷനു നല്‍കാനാകുക എന്നാണു പ്രധാന ചോദ്യം. എറണാകുളം നോര്‍ത്ത് മെട്രോ സ്റ്റേഷന്‍ എന്ന് പേരു മാറ്റണമെന്നാണു സമൂഹ മാധ്യമങ്ങളിലെ പ്രധാന നിര്‍ദേശം. ആശയകുഴപ്പം ഒഴിവാക്കാന്‍ ഇതാണു ഏറ്റവും നല്ലതെന്നും യാത്രക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയിലെ ലിസി സ്റ്റേഷന്റെ പേര് മാറ്റി ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നാക്കിയത്. മറ്റ് സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനര്‍നാമകരണം.ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞത്. ഇതു സംബന്ധിച്ച കെഎംആര്‍എല്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്.
റെയില്‍വേ സ്റ്റേഷന്റെ പേര് തന്നെ എറണാകുളം ടൗണ്‍ എന്നതു മാറ്റി എറണാകുളം നോര്‍ത്ത് ആക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണു മെട്രോ സ്റ്റേഷന് അധികൃതര്‍ ടൗണ്‍ ഹാളെന്നു പേരിട്ടിരിക്കുന്നത്. ഇതേ മാതൃകയില്‍ സൗത്ത് മെട്രോ സ്റ്റേഷന്റെ പേര് ഗേള്‍സ് സ്‌കൂള്‍ എന്നാക്കുമോയെന്നും ചിലര്‍ ചോദിക്കുന്നു. ഇതിനിടയില്‍ തീരുമാനത്തെ ആന മണ്ടത്തരമെന്നു വിശേഷിപ്പിച്ചവരുമുണ്ട്. ലിസി മെട്രോ സ്റ്റേഷന്റെ പേരു മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
Post Your Comments