തിരുവനന്തപുരം: ചൈനയില്‍ നിന്നു തിബറ്റിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ടെന്‍സിന്‍ സ്യുണ്ടേ. ആക്ടിവിസ്റ്റ് എന്നതിലുപരി തിബറ്റിനു ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ശേഷമേ നെറ്റിയില്‍ കെട്ടിയ തന്റെ ചുവന്ന ബാന്‍ഡഴിക്കൂ എന്ന് പ്രതിജ്ഞയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ചൈനീസ് പ്രതിനിധികള്‍ എപ്പോഴൊക്കെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നോ അപ്പോഴൊക്കെ കവി കൂടിയായ സ്യുണ്ടേയെ ഇന്ത്യന്‍ പോലീസ് കരുതല്‍ തടങ്കലില്‍ വെക്കാറുണ്ട്. ചൈനീസ് പ്രതിനിധിക്കു നേരെ സ്യുണ്ടേ ഉയര്‍ത്തുന്ന പ്രതിഷേധത്തോടുള്ള ഭയമാണ് ഈ കീഴ്‌വഴക്കത്തിന് പിന്നില്‍.
തന്റെ നെറ്റിയില്‍ കെട്ടിയ ചുവന്ന ബാന്‍ഡിനെ കുറിച്ചും തിബറ്റിന്റെ നിലവിലെ അവസ്ഥയെ കുറിച്ചും സ്യുണ്ടേ സംസാരിക്കുന്നു. ആക്ടിവിസം മാത്രമല്ല കവിതയും സ്യുണ്ടേക്ക് പ്രതിരോധമാണ്. കോറ എന്ന സ്യുണ്ടേയുടെ കവിതാസമാഹാരം മലയാളമടക്കം വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയതിട്ടുണ്ട്.
2002 മുതല്‍ ഞാനീ ബാന്‍ഡ് ധരിക്കുന്നുണ്ട്. ഈ ചുവന്ന ബാന്‍ഡ് എന്റെ പ്രതിജ്ഞയുടെ പ്രതീകമാണ്. തിബറ്റിന് സ്വാതന്ത്ര്യം കിട്ടാത്തിടത്തോളം കാലം ഈ ബാന്‍ഡ്് ഊരിവെക്കില്ലെന്നതാണ് എന്റെ പ്രതിജ്ഞ. ഞാന്‍ കവിയും എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്. 25 വര്‍ഷത്തിനിടയിലെ കവിതാ ആക്ടിവിസ്റ്റ് ജീവിതത്തിനിടയില്‍ തിബറ്റിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്നെക്കൊണ്ടാവുന്നത് ചെയ്യുക എന്നതാണ് നയം. അദ്ദേഹം പറഞ്ഞു.
ചൈനീസ് പ്രതിനിധികള്‍ക്കു നേരെയുള്ള ആദ്യ പ്രതിഷേധം 2002ലായിരുന്നു. രണ്ടാമത്തേത് 2005ലും അതിനു ശേഷം ഒറ്റയ്ക്കും കൂട്ടമായും പലതരത്തിലും പ്രതിഷേധിച്ചു. ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് റാലികള്‍ വരെ നടത്തിയിരുന്നു. തിബിറ്റിന്‍മേലുള്ള ചൈനീസ് അധിനിവേശത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ ആദ്യത്തെ ഒറ്റ പ്രതിഷേധത്തിലൂടെ സാധിച്ചു. പല പത്രങ്ങളിലും ഫുള്‍പേജ് വാര്‍ത്തയും പരസ്യവും വരെയായി. അതിന്റെ പേരില്‍ 16 തവണയാണ് ഇന്ത്യന്‍ പോലീസ് എന്നെ കരുതല്‍ തടങ്കലില്‍ വെച്ചത്. പോലീസുകാരാല്‍ തല്ലിച്ചതയ്ക്കപ്പെട്ടിട്ടുണ്ട്.
വെറും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മാത്രമല്ല വംശഹത്യയാണ് തിബറ്റിലെ പാവം മനുഷ്യര്‍ ചൈനയില്‍ നിന്ന് നേരിടുന്നത്. എന്നിട്ടും ഇന്ത്യ പറയുന്നത് തിബറ്റ് ചൈനയുടെ ഭാഗമാണെന്നാണ്. ആ നാട്ടില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ അറിയുന്നില്ല എന്നതാണ് എന്നെ ദുഃഖിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് ചൈനയുമായി വ്യാപാരം ചെയ്യേണ്ടതുണ്ട്. അതിനായി ഇന്ത്യ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. തിബറ്റന്‍ അതിര്‍ത്തിയെ ചൈനീസ് അതിര്‍ത്തിയെന്നാണ് ഇന്ത്യ ഇന്നും വിളിക്കുന്നത്. ഇന്ത്യയ്ക്ക് ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസുണ്ടായിട്ടും ഇന്ത്യ എന്തിനാണ് ചൈനീസ് ബോര്‍ഡറെന്ന് പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഈ തെറ്റുകള്‍ ആവര്‍ത്തിച്ചു പറയുകയാണ്. അദ്ദേഹം വ്യക്തമാക്കി.
Post Your Comments