ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ആദ്യത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. ആദ്യസംഘത്തില്‍ 324 പേരാണുള്ളത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്‌നാട്ടുകാരും തിരിച്ചെത്തി. 90പേര്‍ സ്ത്രീകളാണ്. 211 വിദ്യാര്‍ഥികള്‍, 3 കുട്ടികള്‍. തിരിച്ചെത്തിയവരില്‍ എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു.ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും.
സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ ഉള്ളത് ആന്ധ്രപദേശില്‍ നിന്നുള്ളവരാണ്. 56 പേരാണുള്ളത്്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. അതേസമയം ചൈനയിലെ വുഹാനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക സജ്ജീകരണമൊരുക്കി ഇന്ത്യന്‍ സൈന്യം. ഡല്‍ഹിക്കു സമീപം മനേസറിലാണ് 300 വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ കഴിയുംവിധം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ താമസസ്ഥലം സൈന്യം ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയോളം വിദ്യാര്‍ത്ഥികളെ ഇവിടെ താമസിപ്പിച്ച് ഒരു സംഘം ഡോക്ടര്‍മാര്‍ വൈറസ് ബാധയുണ്ടോയെന്നു നിരീക്ഷിക്കും.
ഇവര്‍ വന്നിറങ്ങുന്ന വിമാനത്താവളത്തില്‍ ആദ്യ പരിശോധന നടത്തും. വിമാനത്താവളത്തിലെ ആരോഗ്യ അധികൃതരുടെയും സൈനിക ഡോക്ടര്‍മാരുടെയും നേതൃത്വത്തിലാകും പരിശോധന.വിദ്യാര്‍ത്ഥികളെ മൂന്നു സംഘങ്ങളാക്കി തിരിച്ചാകും വിമാനത്താവളത്തില്‍ പരിശോധന നടത്തുക. ആദ്യം കൊറോണയുടെ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്ളവരെ പരിശോധിക്കും. ഇവരെ നേരിട്ട് ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും വുഹാനിലെ മത്സ്യമൃഗ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വുഹാനില്‍ രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരെയുമാണ് രണ്ടാമത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. മൂന്നാമത്തെ സംഘത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും രോഗലക്ഷണം ഉള്ളവരുമായി ഇടപഴകാത്തവരും ഉള്‍പ്പെടുന്നു. ഈ രണ്ടു സംഘത്തിലുള്ളവരെയും മനേസറിലേക്കു കൊണ്ടുപോകും.
ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിലേക്ക് അവരെ മാറ്റും. രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ആളുകളെ തിരികെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കൂ.ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ നിന്നു വുഹാനിലേക്കു ഉച്ചയോടെ പുറപ്പെട്ടിരുന്നു. ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ 374 പേരാണ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.
ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്നുള്ള അഞ്ച് ഡോക്ടര്‍മാരും ഒരു പാരാമെഡിക്കല്‍ സ്റ്റാഫും വിമാനത്തിലുണ്ട്. വിമാനത്തില്‍ മാസ്‌കുകളും ഓവര്‍കോട്ടുകളും പാകം ചെയ്ത് സൂക്ഷിച്ച ഭക്ഷണവും അടക്കം എല്ലാം സജ്ജമാണ്. ഒരു സംഘം എഞ്ചിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും 15 ക്യാബിന്‍ ക്രൂവും വിമാനത്തിലുണ്ട്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് ഒരു മണി മുതല്‍ രണ്ട് മണിയ്ക്കകം ഈ വിമാനം വുഹാനില്‍ നിന്ന് ആളുകളെ കയറ്റി തിരികെയെത്തും.
ഭക്ഷണം വിമാനത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്യില്ല എന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. അതാത് സീറ്റ് പോക്കറ്റുകളില്‍ ഭക്ഷണം സൂക്ഷിക്കുകയാണ് ചെയ്യുക. അതിനാല്‍ ക്യാബിന്‍ ക്രൂവും വുഹാനില്‍ നിന്ന് വരുന്നവരും തമ്മില്‍ ഒരു തരത്തിലും നേരിട്ടുള്ള ആശയവിനിമയമുണ്ടാകില്ല. എല്ലാ യാത്രക്കാര്‍ക്കും, ക്രൂവിനും മാസ്‌കുകളടക്കം ഉറപ്പാക്കിയിട്ടുണ്ട്. വുഹാന്‍ വിമാനത്താവളത്തില്‍ ആളുകളെയെല്ലാവരെയും കയറ്റാന്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയെടുത്തേക്കാം.
Post Your Comments