KeralaLatest NewsNews

മൊതക്കര റേഷന്‍ മോഷണത്തിനു പിന്നില്‍ റേഷന്‍ കടയുടമ അഷ്‌റഫ് നടത്തിയ നാടകം ; വിനയായത് പ്രതിയുടെ അതിബുദ്ധി

മക്കിയാട് : മൊതക്കര റേഷന്‍ മോഷണത്തിനു പിന്നില്‍ റേഷന്‍ കടയുടമ അഷ്‌റഫ് നടത്തിയ നാടകമാണെന്നു പൊലീസ് കണ്ടെത്തി. ഏറെ ദുരൂഹതയും കൗതുകവുമുയര്‍ത്തിയ കേസില്‍ ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലായത്. ഒറ്റയടിക്ക് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും അപ്രത്യക്ഷമായതാണ് പൊലീസിന്റെ സംശയം ആദ്യം ബലപ്പെടുത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

സംഭവം മോഷണമല്ലെന്ന അന്വേഷണസംഘത്തിനു ആദ്യമേ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും എല്ലാം തെളിവുകളും കൃത്യമായി ശേഖരിച്ചശേഷം പഴുതടച്ചുവേണം പ്രതിയിലേക്കെത്താന്‍ എന്ന തീരുമാനത്തിലായിരുന്നു പൊലീസ്. ഒരു പക്ഷെ കുറച്ച് അരി മോഷണം പോയെന്നായിരുന്നു പരാതിയെങ്കില്‍ യഥാര്‍ഥ പ്രതി ഇത്രയെളുപ്പത്തില്‍ കുടുങ്ങില്ലായിരുന്നു. ഒറ്റയടിക്ക് ഇത്രയും സാധനങ്ങള്‍ അപ്രത്യക്ഷമായതാണ് ആദ്യം പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. കരിഞ്ചന്ത തട്ടിപ്പ് പുറത്തായാല്‍ നാണക്കേടാകുമെന്നതിനാലാണ് നില്‍ക്കക്കള്ളിയില്ലാതെ അഷ്‌റഫ് മോഷണക്കഥ മെനഞ്ഞുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഇത്രയധികം ഭക്ഷ്യധാന്യങ്ങള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയെങ്കില്‍ എന്തുകൊണ്ട് കുറച്ച് അരിമാത്രം നിലത്തുകൊഴിഞ്ഞുവെന്ന ചോദ്യമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കുറച്ച് അരിയും ഗോതമ്പും അങ്ങിങ്ങായി അഷ്‌റഫ് വിതറിയിരുന്നു. എന്നാല്‍, ക്വിന്റല്‍ കണക്കിനു ഭക്ഷ്യസാധനങ്ങള്‍ ലോറിയില്‍ കയറ്റിയാല്‍ ഇത്രയും കുറച്ച് അരി നിലത്തുകണ്ടാല്‍പ്പോര.മാത്രവുമല്ല താഴ് ഷട്ടറില്‍വച്ച് അറുത്തുമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതും കുരുക്കായി. സിന്ധു തോമസിന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധര്‍ താഴില്‍ നിന്ന് കടയുടമയുടെ വിരലടയാളവും കണ്ടെത്തി. ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ ബോണ്ട് എന്ന പൊലീസ് നായ റേഷന്‍ കട പരിസരത്ത് കൂടിതന്നെയാണ് അധിക സമയവും വട്ടം കറങ്ങി നടന്നത്. കടയോട് ചേര്‍ന്നുള്ള കെട്ടിട ഉടമയുടെ വീടിന് മുന്‍വശത്തുള്ള കുറ്റിക്കാട് വരെ മാത്രമേ നായ പോയുമുള്ളൂ.

ഡിസംബര്‍ 18ന് അവസാനമായി റേഷന്‍ കടയില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ 80 ചാക്ക് അരി കുറവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥനെ അട്ടി എണ്ണി മൊത്തം ചാക്ക് ഉണ്ടെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. വലിയ ഗോഡൗണായതിനാല്‍ മുന്നിലെ നിര മാത്രം എണ്ണി സ്റ്റോക്ക് നിര്‍ണയിക്കാനേ ഉദ്യോഗസ്ഥര്‍ക്കു സാധിക്കൂ. മുന്നില്‍ അരിച്ചാക്കുകളും ഗോതമ്പുചാക്കുകളും നിരത്തിവച്ചാണ് ഇയാള്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. മുന്നിലെ ചാക്കുകള്‍ എണ്ണി അതിന് തുല്യമായ എണ്ണം സ്റ്റോക്ക് പിന്നിലുമുണ്ടെന്ന് ഉദ്യോഗസ്ഥരും കണക്കുകൂട്ടിയിട്ടുണ്ടായിരിക്കാം.

എന്നാല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധനയ്ക്കു വരാന്‍ സമയമായതിനാല്‍ സ്റ്റോക്ക് കുറവില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസം തോന്നിയപ്പോഴാണു മോഷണക്കഥയുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് പ്രതിയെത്തിയത്. ഒരു കിലോ അരി 22 രൂപ നിരക്കിലാണ് ഇയാള്‍ കരിഞ്ചന്തയ്ക്കു വിറ്റത് . ചോദിക്കുന്നവര്‍ക്കെല്ലാം കാര്‍ഡ് ഇല്ലെങ്കിലും അരി ലഭിക്കുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ആദിവാസികളടക്കമുള്ള പാവപ്പെട്ടവര്‍ക്കു നല്‍കാനായി സൗജന്യമായും 2 രൂപയ്ക്കുമെല്ലാം കിട്ടുന്ന അരിയാണ് ഇയാള്‍ വന്‍തുകയ്ക്കു മറിച്ചു വിറ്റ് ലാഭം കൊയ്തത്.

shortlink

Post Your Comments


Back to top button