ന്യൂഡല്‍ഹി: ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേ വെടിവയ്പുണ്ടായ സംഭവത്തില്‍ ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. ഡല്‍ഹിയില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രാംഭക്ത് ഗോപാല്‍ ശര്‍മ(19)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ സര്‍വകലാശാലയില്‍നിന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്കു വിദ്യാര്‍ഥികള്‍ ലോങ് മാര്‍ച്ച് നടത്തുന്നതിനിടെയാണു സംഭവം. സംഭവം നടക്കുമ്ബോള്‍ വന്‍ പോലീസ് സന്നാഹം ഉണ്ടാ യിരുന്നെന്നും എന്നാല്‍ അമിത് ഷാ പോലീസിനെ നിഷ്ക്രിയരാക്കിയതിന്റെ ഫലമാണ് കണ്ടതെന്നും രാജ്യത്ത് കലാപവും ക്രമസമാധാനത്തകര്‍ച്ചയും ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ് അമിത് ഷായും ബി.ജെ.പി. സര്‍ക്കാരുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ കൊന്നവര്‍ കൊണ്ടുനടന്ന വിദ്വേഷം പേറുന്നവരാണ് ഇന്നു രാജ്യം ഭരിക്കുന്നതെന്നും അവരുടെ ആശീര്‍വാദമാണ് സംഭവത്തിനു പിന്നിലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഹോളി ഫാമിലി ആശുപത്രിക്കു സമീപം ബാരിക്കേഡ് നിരത്തി പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. ഇവിടേക്ക് എതിര് ദിശയില്‍നിന്നു കടന്നുവന്ന അക്രമി വിദ്യാര്‍ഥികള്‍ക്കു നേരേ പിസ്റ്റള്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു.ആംഡ് പോലീസിന്റെ വലിയൊരു കണ്ടിജന്റ് നിലയുറപ്പിച്ചിരിക്കെ അതിനിടയിലൂടെ തോക്കും വീശി എത്തിയാണ് ശര്‍മ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കു നേരേ വെടിയുതിര്‍ത്തത്.
ഇന്നലെ വൈകുന്നേരമാണു സംഭവം. കറുത്ത ജാക്കറ്റും വെള്ള പാന്റ്സുമിട്ട് അക്രമി റോഡിലൂടെ തോക്കുമായി നടന്നുവരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. പ്രതിഷേധക്കാര്‍ മാര്‍ച്ചിന് തയാറെടുക്കുന്നതിനിടെ സര്‍വകലാശാലയ്ക്കു പുറത്ത് ഒരു ഡസനോളം പോലീസുകാര്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ ഇവിടേക്കെത്തിയത്. വെടിവയ്ക്കുമ്പോള്‍ “ഡല്‍ഹി പോലീസ് സിന്ദാബാദ്” എന്നും ഇയാള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പോലീസ് അക്രമിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ആളുകള്‍ ജാമിയയിലേക്ക് എത്തിയപ്പോള്‍ അവരുടെ കൂട്ടത്തില്‍നിന്നാണ് അക്രമി കടന്നുവന്നത്. നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനവും ഈ ലജ്ജാകരമായ ഫലത്തിലേക്ക് നയിക്കുന്നുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഇന്ത്യയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Post Your Comments