KeralaLatest NewsNews

ശമ്പളം മുടങ്ങി, സ്കൂളിൽ കയറിയ കള്ളന് കത്തെഴുതി അധ്യാപകർ!

കണ്ണൂര്‍: സ്‌കൂളില്‍ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകർ. സ്‌കൂളില്‍നിന്ന് മോഷ്ടിച്ച  ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങിയ പെന്‍ഡ്രൈവ്  എങ്കിലും തിരികെ നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് ഇവര്‍ തുറന്ന കത്തെഴുത്തിയത്. ഈ പെന്‍ഡ്രൈവ് മോഷണം പോയതോടെ അധ്യാപര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം പോലും വാങ്ങാനാവുന്നില്ലെന്നും കത്തിൽ പറയുന്നു.

ഇത് രണ്ടാംതവണയാണ് സ്കൂളില്‍ മോഷണം നടക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ…

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രീ നീ വീണ്ടും ഞങ്ങളുടെ മുബാറക്ക് ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്ന് മോഷണം നടത്തിയത് വളരെ നീചകരമായ ഒരു പ്രവൃത്തിയായി പോയി. ഞങ്ങളുടെ നിഗമനം ശരിയാണെങ്കില്‍ ഏഴ് മാസം മുന്‍പ് നീ തന്നെയാണ് ഇവിടെ വന്ന് നാല്‍പ്പതിനായിരം രൂപയും ഡി.എസ്.എല്‍ ആര്‍ ക്യാമറയും അപഹരിച്ചത്. നിന്നെ വലയില്‍ വീഴ്ത്താനാവാത്തത് ഏമാന്‍മാരുടെ വീഴ്ച തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

ഇത്തവണ നീ എല്ലാ തെളിവുകളും നശിപ്പിച്ചു… നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്കും, രണ്ട് ലാപ്ടോപ്പും നീ എടുത്തു കൊണ്ടുപോയി. കൂട്ടത്തില്‍ നിനക്ക് ഒരു ഉപകാരവുമില്ലാത്ത ഞങ്ങളുടെ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ പെന്‍ഡ്രൈവും നീ അടിച്ചു മാറ്റി… നിനക്കറിയാമോ ഇതില്ലാതെ ഞങ്ങള്‍ക്ക് ശമ്പളം വാങ്ങാനാവില്ലന്ന കാര്യം. ശമ്പളം മുടങ്ങിയാല്‍ മരുന്നു കിട്ടാതെ ദുരിതമനുഭവിക്കേണ്ടി വരുന്ന ഞങ്ങളുടെ രോഗികളായ മാതാപിതാക്കളുടെ കാര്യം, ബാങ്ക് ലോണു മുടങ്ങി ഇരട്ടി പലിശ നല്‍കേണ്ടി വരുന്നവരുടെ കാര്യം. അങ്ങിനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന അധ്യാപക, അനധ്യാപകരുടെ പ്രയാസമോര്‍ത്തെങ്കിലും ഈ പെന്‍ ഡ്രൈവ് ഞങ്ങള്‍ക്ക് തിരിച്ച് എത്തിച്ചു തരണം.

പിന്നെ ഒരഭ്യര്‍ത്ഥന കൂടി, നീ തൊഴിലാക്കിയ മോഷണം പ്രത്യേകിച്ച് സ്‍കൂളുകള്‍ കേന്ദ്രീകരിച്ചുള്ളത് നിര്‍ത്തി മറ്റു വല്ല ജോലിയും ചെയ്ത് അന്തസ്സായി ജീവിക്കുക.

എന്ന്

നിന്റെ നീചകൃത്യം അംഗീകരിക്കാത്ത ലോകത്തിലെ എല്ലാവരോടുമൊപ്പം ഞങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button