ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലസ്ഥാന വോട്ടർമാരുടെ മാനസികാവസ്ഥ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമെന്ന് സര്‍വേ. ഐഎഎൻഎസ്-ക്വോട്ടർ നടത്തിയ റിപ്പബ്ലിക് ദിന ‘സ്റ്റേറ്റ് ഓഫ് ദി നേഷൻ’ സർവേയിൽ 50 ശതമാനത്തിലധികം പേർ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു.
ഞായറാഴ്ച പുറത്തുവിട്ട സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ തങ്ങളുടെ മുഖ്യമന്ത്രിമാർ, സംസ്ഥാന സർക്കാരുകൾ, പ്രതിപക്ഷ നേതാക്കൾ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ പ്രകടനം വിലയിരുത്തി.
കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരില്‍ തങ്ങള്‍ വളരെയധികം സംതൃപ്തരാണെന്ന് 52.3 ശതമാനം പേർ അഭിപ്രായപ്പെട്ടു. 22.6 ശതമാനം പേർ ഒരു പരിധിവരെ തൃപ്തരാണെന്നും അഭിപ്രായപ്പെട്ടു. 25.2 ശതമാനം പേർ മാത്രമാണ് തങ്ങളുടെ സംതൃപ്തിക്കായി സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്.
58.8 ശതമാനം പേർ തങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണെന്നും 24.6 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഒരു പരിധിവരെ സംതൃപ്തരാണെന്നും അഭിപ്രായപ്പെട്ടു. 16.6 ശതമാനം പേർ മാത്രമാണ് മറിച്ച് ചിന്തിച്ചത്.
കെജ്‌രിവാളിനും സർക്കാരിനും മികച്ച പ്രതികരണം നൽകിയപ്പോൾ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. വിജേന്ദർ ഗുപ്ത തങ്ങളെ സ്വധീനിച്ചില്ലെന്ന് 46.6 ശതമാനം ഡല്‍ഹി ജനത അഭിപ്രായപ്പെട്ടപ്പോള്‍ 20.6 ശതമാനം പേർ മാത്രമാണ് ഗുപ്തയില്‍ വളരെ സംതൃപ്തി രേഖപ്പെടുത്തിയത്.
Post Your Comments