KeralaLatest NewsNews

കാക്കയോളം മലയാളിയുടെ ജീവിതവുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തുന്ന ഏതുപക്ഷിയാണ് നമുക്ക് വേറെയുള്ളത്?

രണ്ട് ദിവസം മുന്നേയാണ് എറണാകുളം പാവക്കുളം അമ്പലത്തില്‍ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയില്‍ ആതിര കടന്ന് വരികയും പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇതോടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരുന്ന സ്ത്രീകള്‍ ആതിരയെ പുറത്താക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല് മീഡിയയില്‍ പ്രചരിച്ചത്. അതില്‍ യുവതിയോട് കൂട്ടത്തില്‍ ഒരു സ്ത്രീ പറഞ്ഞ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് കടുത്ത വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു. താന്‍ സിന്ദൂരം തൊട്ടിരിക്കുന്നത്, എന്റെ രണ്ട് പെണ്‍മക്കളെ ഒരു ‘കാക്ക’ തൊടാതിരിക്കാനാണ് എന്നായിരുന്നു സ്ത്രീ പറഞ്ഞത്. ഇതിന് പിന്നാലെ വ്യാപകമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

അത്തരത്തില്‍ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാമനന്ദ ഗിരി. കാക്കയോളം മലയാളിയുടെ ജീവിതവുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തുന്ന ഏതുപക്ഷിയാണ് നമുക്ക് വേറെയുള്ളത്? എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. വിരുന്നകാര്‍ വരുന്നത് മുന്‍കൂട്ടി അറിയിക്കാനുള്ള കഴിവ്, മരണാനന്തര ചടങ്ങില്‍ പിതൃഭാവത്തില്‍ വരുന്നതും പക്ഷിക്കൂട്ടങ്ങളില്‍ നിനക്കുള്ളതുപോലെ വര്‍ഗ്ഗ സ്‌നേഹം മറ്റാര്‍ക്കുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. കൂടാതെ കാക്കയുടെ കഴിവുകളെകുറിച്ചും അദ്ദേഹം പറയുന്നു. സര്‍ക്കാറിനോട് കാക്കയെ സംസ്ഥാന പക്ഷിയായി പ്രഖ്യാപിക്കുക എന്ന അപേക്ഷയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

(ഒരു പഴയ FB പോസ്റ്റ്)
കാക്കയോളം മലയാളിയുടെ ജീവിതവുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തുന്ന ഏതുപക്ഷിയാണ് നമുക്ക് വേറെയുള്ളത്?
ചിലദിവസങ്ങളില്‍ അപ്രതീക്ഷിതമായി വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അമ്മ പറയും രാവിലെ കാക്ക വിരുന്നുവിളിച്ചപ്പോഴേ തോന്നി ഇന്ന് ആരെങ്കിലും വരുമെന്ന്, അതുകൊണ്ട് ഞാന്‍ ചോറിന് അരികൂടുതല്‍ ഇട്ടുവെന്ന്.ഇതുകേള്‍ക്കുമ്പോള്‍തന്നെ വന്നവരുടെ മനസ്സ് നിറയും.
പ്രിയ കാക്കേ രാവിലെ നീ ഓരോ വീടുകളുടേയും അടുക്കളഭാഗത്ത്‌ചെന്ന് അവിടെയുള്ള അമ്മമാര്‍ക്ക് ഇത്തരം വിവരകൈമാറ്റം നടത്തുന്ന നിന്റെ കഴിവ് അപാരം തന്നെ.
മരണം നടന്ന വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ്,ഈറന്‍ കൈകള്‍ കൊട്ടുന്നനേരം നീ വന്ന് ബലിച്ചോറ് സ്വീകരിച്ച് ഞങ്ങളെ ആശ്വസിപ്പിക്കുന്ന നേരം നിന്നെ ഞങ്ങള്‍ പിതൃഭാവത്തില്‍ കാണുന്നു.
പക്ഷിക്കൂട്ടങ്ങളില്‍ നിനക്കുള്ളതുപോലെ വര്‍ഗ്ഗ സ്‌നേഹം മറ്റാര്‍ക്കുണ്ട്.
നിന്റെ വര്‍ഗത്തിലെ ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ എത്ര പെട്ടന്നാണ് നിങ്ങള്‍ കൂട്ടംകൂടി പ്രതികരിക്കുന്നത്.
നിങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ടവരായിരിക്കാം നാട്ടിലെ ഓട്ടോഡ്രൈവര്‍മാര്‍.
നിന്റെ ഗൃഹനിര്‍മ്മാണ പാടവം മികവുറ്റതുതന്നെ പറയാതെ വയ്യ,
ഓരുപാട് സാധനസാമഗ്രികള്‍ക്കൊന്നും പോകാതെ ചുറ്റുപാടുകാണുന്ന ലഭ്യമായ ചുള്ളികമ്പും മറ്റും കൊണ്ട് ലാറിബേക്കര്‍ മോഡല്‍ ഗൃഹം എത്രവേഗം നീ തീര്‍ക്കുന്നു.നിന്റെ വീടുകണ്ട് മറ്റുള്ളവര്‍ക്ക് അസൂയ തോന്നത്തക്ക യാതൊന്നും നീ ചെയ്യുന്നുമില്ല. അതുകൊണ്ട് നിന്റെ വീട് മനുഷ്യര്‍ മോഷ്ടിക്കുന്നില്ല.
പരിസര ശുചീകരണത്തില്‍ ഞങ്ങളുടെ ഗാന്ധി നിന്റെ മുന്നില്‍ നമിക്കും.
പശുവിന്റെ ചെവിക്കകത്തുള്ള ചെറിയ ചെള്ളിനേയും മറ്റും എത്ര മനോഹരമായാണ് നീ നീക്കംചെയ്യുന്നത്,
ഏതൊരു മൃഗഡോക്ടറേയും നാണിപ്പിക്കും വിധത്തിലുള്ള നിന്റെ ഇടപെടല്‍ പ്രശംസനീയം തന്നെ പറയാതെ വയ്യ.
നിന്നെ ചൂണ്ടിക്കാട്ടിയാണ് അമ്മമാര്‍ കുട്ടികള്‍ക്ക് ചോറുകൊടുത്തതും അക്ഷരം പഠിപ്പിച്ചതും.
ഏതൊരാളിലേയും കവി മനസ്സ് ഉണര്‍ന്നത് അമ്മ പാടിയ കാക്കേ കാക്കേ കൂടെവിടെ എന്ന അനശ്വര കവിതയിലൂടെയാണ്,
ഈ കവിത അറിയാത്ത ഏതുമലയാളിയുണ്ട്?
ഇങ്ങനെയൊക്കെയാണെങ്കിലും ചില മൂഡന്മാര്‍ നിന്നെക്കുറിച്ച് അപവാദപ്രചരണം നടത്തുന്നവരാണ്.
നീ കുളിക്കുന്നത് കണ്ടാല്‍ ദോഷമത്രേ!
ഇത്തരക്കാര്‍ മറ്റുള്ളവര്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതില്‍ ദോഷം കാണാത്തവരാണ്.
നിന്നെക്കുറിച്ച് പറയുന്ന കുറ്റങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.ആയതിനാല്‍ ഒന്നും എഴുതുന്നില്ല.
നമ്മുടെ കേരളസംസ്ഥാന പക്ഷിയായി അറിയപ്പെടേണ്ടത് എന്തുകൊണ്ടും കാക്കയാണ്.
വേഴാമ്പലിനെ ജീവിതത്തില്‍ ഒരിക്കല്‍പോലും കാണാതെ ജീവിച്ച് മരിച്ച എത്രയോ മലയാളികളുള്ള മലയാള നാടാണിത്.
ഇത് സ്വാമി സന്ദീപാനന്ദഗിരി സര്‍ക്കാറിന്റെ മുന്നില്‍ വെക്കുന്ന അപേക്ഷയാണ് കാക്കയെ സംസ്ഥാന പക്ഷിയായി പ്രഖ്യാപിക്കുക.
ഈ അപേക്ഷയെ വേഴാമ്പല്‍ വിരോധമായി കാണരുതെന്ന അപേക്ഷയോടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button