തിരുവനന്തപുരം; നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി ആയിരക്കണക്കിനു ബന്ധുക്കളും നാട്ടുകാരും ആണ് ചെങ്കോട്ടുകോണത്തെ രോഹിണി എന്ന കുടുംബവീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.
രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്നും അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്നിലുള്ള വീട്ടിലേക്ക് കൊണ്ടു വന്നത്.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും പ്രവീണിന്റെ മൂന്ന് കുഞ്ഞ് മക്കളേയും അടക്കുക. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിനും ഭാര്യ ശര്യണയ്ക്കും ചിതയൊരുക്കും.
അഞ്ച് ആംബുലന്‍സുകളിലായി ഒരുമിച്ചാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്നും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണത്തെ വീട്ടിലേക്ക് എത്തിച്ചത്. ആംബുലന്‍സുകള്‍ക്ക് അകമ്ബടിയായി നാട്ടുകാര്‍ ബൈക്കുകളിലും കാറുകളിലും സഞ്ചരിച്ചു. മുന്നില്‍ വഴിയൊരുക്കി പൊലീസും ഉണ്ടായിരുന്നു. പ്രവീണിന്റെ വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് ആംബുലന്‍സുകള്‍ എത്തിയപ്പോള്‍ തന്നെ വന്‍ജനാവലിയാണ് വീട്ടിലും പരിസരത്തും ഉണ്ടായിരുന്നത്.
ചെങ്കോട്ടുകോണം വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് അഞ്ച് മൃതദേഹങ്ങളും എത്തിച്ചതോടെ ആളുകളുടെ നിലവിളിയും കരച്ചിലും നിയന്ത്രണാതീതമായി. മകന്റേയും മരുമകളുടേയും പേരക്കുട്ടികളുടേയും മൃതദേഹങ്ങള്‍ കാണാന്‍ പ്രവീണിന്റെ പിതാവ് എത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നു. അപകടം സംഭവിച്ച വിവരമറിഞ്ഞപ്പോള്‍ മുതല്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ചും നൊമ്പരത്തില്‍ വിതുമ്പിയും കാത്തുനിന്ന അയ്യന്‍കോയിക്കല്‍ ഗ്രാമം മൂന്നു പൊന്നോമനകള്‍ക്കും അച്ഛനമ്മമാര്‍ക്കും ഇന്ന് മിഴിനീരുകൊണ്ട് യാത്രാമാെഴി നല്‍കും. രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്കാരം.
Post Your Comments