തിരുവനന്തപുരം•സംസ്ഥാനത്തെ വസ്ത്ര നിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനമിറക്കി.ഇതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കുറഞ്ഞകൂലി പുതുക്കി നിശ്ചയിച്ച മേഖലകളുടെ എണ്ണം 38 ആയി.
പുതുക്കിയ നിരക്കു പ്രകാരം സാങ്കേതിക വിഭാഗം പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ 14,020 രൂപയാണു കുറഞ്ഞ പ്രതിമാസ വേതനം. സൂപ്പർവൈസർ, കട്ടർ-കം-പാറ്റേൺ മേക്കർ ഗ്രേഡ്1 – 13190 രൂപ, കട്ടർ-കം-പാറ്റേൺ മേക്കർ ഗ്രേഡ് 2 – 12520 രൂപ, മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 1, ഖാജാ ബട്ടൺ ഓപ്പറേറ്റർ, ബട്ടണിങ്, മെഷീൻ ഓപ്പറേറ്റർ, ബാർടെക് ഓപ്പറേറ്റർ, ടെയ്ലർ ഗ്രേഡ് 1, സ്യൂയിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 1, അസിസ്റ്റന്റ് കട്ടർ തസ്തികകളിൽ 11870 രൂപ, അയേൺമാൻ, പ്രസർ ഗ്രേഡ് 1 – 11290 രൂപ, ചെക്കർ ഗ്രേഡ് 1, അയേൺമാൻ, പ്രസർ ഗ്രേഡ് 2 – 11090 രൂപ, മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, ടെയ്ലർ ഗ്രേഡ് 2, സ്യൂയിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, ലെയർ, ഫാബ്രിക് ചെക്കർ, ഫീഡിങ് അസിസ്റ്റന്റ്, ലോൺഡ്രി മെഷീൻ ഓപ്പറേറ്റർ, ബാച്ച് ചെക്കർ, ട്രിമ്മർ പാക്കർ, പായ്ക്കർ എന്നീ തസ്തികകളിൽ 10510 രൂപ, ഹെൽപ്പർ – 9940 രൂപ എന്നിങ്ങനെയാണ് കുറഞ്ഞ പ്രതിമാസ വേതനം പുതുക്കിയത്.
ഓഫിസ് വിഭാഗത്തിൽ മാനേജർ – 14020 രൂപ, കാഷ്യർ, ക്ലാർക്ക്, സ്റ്റോർ കീപ്പർ – 12110 രൂപ, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, ടൈം കീപ്പർ – 11680 രൂപ, ഡ്രൈവർ – 12040 രൂപ, സെക്യൂരിറ്റി, വാച്ച് മാൻ – 9940 രൂപ, സ്വീപ്പർ – 9640 രൂപ എന്നിങ്ങനെയും പുതുക്കി. ഗ്രേഡ് 1 തസ്തികയിൽ തൊഴിലുടമയ്ക്ക് യഥേഷ്ടം നിയമനം നടത്താമെങ്കിലും ഒരു തസ്തികയിൽ തുടർച്ചയായി അഞ്ചു വർഷത്തിൽ കുറയാതെ ജോലി ചെയ്യുന്ന തൊഴിലാളിയെ ഗ്രേഡ് 1-ൽ ഉൾപ്പെടുത്തി വേതനം നൽകണമെന്ന് വിജ്ഞാപനത്തിലുണ്ട്.
തയ്യൽ ജോലികൾക്കുള്ള പീസ് റേറ്റും പുതുക്കി. പീസ് റേറ്റ് തൊഴിലാളികൾക്ക് ഗ്യാരന്റീഡ് മിനിമം വേതനമായി 355 രൂപ നൽകണമെന്നു നിർദേശിക്കുന്ന വിജ്ഞാപനത്തിൽ ഓരോ ഇനത്തിന്റെയും മിനിമം കൂലിയും പ്രതിപാദിച്ചിട്ടുണ്ട്. ഒരു പാന്റ്സ് തയിക്കുന്നതിന് 130 രൂപയാണ് അടിസ്ഥാന വേതനം. ഒരു ദിവസത്തെ അധ്വാനഭാരം നാലെണ്ണമായിരിക്കും. ഫുൾ സ്ലീവ് ഷർട്ട് ഒന്നിന് 80 രൂപ (ഒരു ദിവസത്തെ അധ്വാന ഭാരം 6). ഹാഫ് സ്ലീവ് ഷർട്ട് – 70 രൂപ (ദിവസ അധ്വാന ഭാരം 7), ബ്ലൗസ്(സാധാരണ) – 60 രൂപ (ദിവസം 7), ബ്ലൗസ് ലെയ്സ്, ലൈനിങ് വച്ച് 75 രൂപ (ദിവസം 6). ഈ ജോലികളിൽ ബട്ടൺ ഹോൾ, ബട്ടൺ വയ്ക്കൽ, ഹുക്സ് വയ്ക്കൽ ഒഴികെ എല്ലാ ജോലികളും തീർക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സാധാരണ ചുരിദാർ (കോട്ടൺ തുണി 22 ഇഞ്ച് സൈസാ അതിൽ കൂടുതേലാ) ഒന്നിന് 95 രൂപയായിരിക്കും അടിസ്ഥാന വേതനം. ദിവസ അധ്വാനം അഞ്ച് എണ്ണം. മോഡൽ, ഡിസൈനിങ് ചുരിദാർ – 115 രൂപ (ദിവസം 4) എന്ന കണക്കിലും ലഭിക്കും. കോട്ടൺ അല്ലാത്ത തുണികൊണ്ട് തയിക്കുന്നതിന് 10 ശതമാനം വേതനം കൂടുതൽ നൽകണം.
അം്രബല്ലാ സ്‌കർട്ട് (സാധാരണ) – 10 രൂപ (ദിവസ അധ്വാനം 36 എണ്ണം) മോഡൽ/ഫ്രിൽ വച്ച് 15 രൂപ (ദിവസ അധ്വാനം 28 എണ്ണം), മാക്സി/നൈറ്റി (സാധാരണ) – 35 രൂപ (ദിവസ അധ്വാനം 15 എണ്ണം), മോഡൽ/ഫ്രിൽ വച്ച് 40 രൂപ (ദിവസ അധ്വാനം 12 എണ്ണം) എന്നിങ്ങനെയും നിശ്ചയിച്ചിട്ടുണ്ട്. തയ്യലിനുള്ള തുണി അനുയോജ്യമായി മുറിച്ചു നൽകണമെന്നും വ്യവസ്ഥ വച്ചിട്ടുണ്ട്. ബ്രാസിയേഴ്സ്, പാന്റീസ് എന്നിവയ്ക്ക് ഒരു ഡസന് 165 രൂപയാണ് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത്. ദിവസ അധ്വാനം മൂന്നു ഡസൻ ആയിരിക്കും)
അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജില്ലാ കേന്ദ്രത്തിനായി ഒടുവിൽ പ്രസിദ്ധീകരിച്ച വിലസൂചികയിലെ 300 പോയിന്റിനു മേൽ വർധിക്കുന്ന പോയിന്റിന് ദിവസ വേതനക്കാർക്ക് ഒരു രൂപയും മാസ ശമ്പളക്കാർക്ക് 26 രൂപയും നിരക്കിൽ ക്ഷാമബത്തയ്ക്ക് അർഹതയുണ്ടാകും. പീസ് റേറ്റ് തൊഴിലാളികൾക്ക് ഒരു ആഴ്ചയിലെ മൊത്തം അധ്വാനഭാരം കണക്കാക്കി പരമാവധി ആറ് ക്ഷാമബത്തയും ഒരു ദിവസത്തെ നിശ്ചിത അധ്വാനഭാരം പൂർത്തിയാക്കിയാൽ ഒരു ക്ഷാമബത്തയ്ക്കുമാണ് അർഹത. വിജ്ഞാപനത്തിൽ നിർദേശിക്കുന്ന വേതനത്തേക്കാൾ ഉയർന്ന വേതനം നൽകുന്ന തൊഴിലാളികൾക്ക് അതിനു തുടർന്നും അർഹതയുണ്ടാകും. മാസ ശമ്പളം നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ ദിവസ വേതനം മാസവേതനത്തെ 26 കൊണ്ടു ഹരിച്ചും മാസവേതനം ദിവസ വേതനത്തെ 26 കൊണ്ട് ഗുണിച്ചും കണക്കാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Post Your Comments