ന്യൂഡല്‍ഹി: സിയാച്ചിനില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നല്‍കാനൊരുങ്ങി കരസേന. ഒരു ലക്ഷം രൂപ വിലയുള്ള കിറ്റുകളാണ് ഓരോ സൈനികര്‍ക്കും നല്‍കാന്‍ ഒരുങ്ങുന്നതെന്ന് കരസേനാ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനു പുറമെ പ്രതികൂല കാലാവസ്ഥയില്‍ ജീവിക്കാന്‍ സഹായിക്കുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളും സൈനികര്‍ക്ക് നൽകും.
ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഇവിടെ മഞ്ഞുമല ഇടിയുന്നത് പതിവായതിനാൽ മഞ്ഞിനടിയില്‍ കുടുങ്ങുന്നവരെ കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ അടക്കമുള്ളവയാണ് സൈനികര്‍ക്ക് നല്‍കുന്നത്. ജനുവരി രണ്ടാം വാരം സിയാച്ചിനില്‍ സന്ദര്‍ശനം നടത്തിയ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ ഇവയെല്ലാം പരിശോധിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തുകഴിഞ്ഞു.
28,000 രൂപ വിലവരുന്ന തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ 13,000 രൂപ വിലവരുന്ന സ്ലീപ്പിങ് ബാഗ്, 14,000 രൂപ വിലവരുന്ന ജാക്കറ്റും ഗ്ലൗസുകളും, 12,500 രൂപ വിലവരുന്ന ഷൂ തുടങ്ങിയവരാണ് ഓരോ സൈനികര്‍ക്കും നല്‍കുന്ന കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. 50,000 രൂപ വിലവരുന്ന ഓക്സിജന്‍ സിലിണ്ടര്‍ മഞ്ഞിനടിയില്‍ കുടുങ്ങുന്നവരെ കണ്ടെത്തുന്നതിനുള്ള ഉപകരണം തുടങ്ങിയവയും സിയാച്ചിനിലെ സൈനികര്‍ക്ക് നല്‍കാനാണ് പദ്ധതി.
Post Your Comments