തിരുവനന്തപുരം: യുഎപിഎ പ്രകാരം അറസ്റ്റിലായ കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ വീടുകൾ യു ഡി എഫ് നേതാക്കൾ സന്ദർശിച്ചു. ഇരുവരെയും മുൻവിധിയോടെ മാവോയിസ്റ്റുകളെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും പി.ജയരാജന്റെയും ഇടപെടൽ സംശയം ജനിപ്പിക്കുന്നതാണെന്നു നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ പറഞ്ഞു. അലന്റെയും താഹയുടെയും വീടുകൾ സന്ദർശിച്ചശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെയും ചില സിപിഎം നേതാക്കളുടെയും നിലപാടിന് പിന്നിൽ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ട്. കോടതി വിധി പറയേണ്ട കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിലൂടെ കേസ് തന്നെ വിധിയായതിന് തുല്യമാണ്. യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണം. കേസിന്റെ പിന്നിലെ യഥാർഥ വസ്തുതകൾ പുറത്തു കൊണ്ട് വരാൻ യുഡിഎഫ് ഗൗരവമായി ഇടപെടും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും മറ്റ് യുഡിഎഫ് നേതാക്കളുമായും ആലോചിച്ച് തീരുമാനമെടുക്കും. ചൊവ്വാഴ്ച കോഴിക്കോട്ടെത്തുന്ന ചെന്നിത്തല അലന്‍റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിക്കുമെന്നും മുനീർ പറഞ്ഞു. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ് (20) നിയമ വിദ്യാർഥിയും ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ട് പറമ്പിൽ താഹ ഫസൽ (24) ജേണലിസം വിദ്യാർഥിയുമാണ്.
Post Your Comments