തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഗവര്‍ണര്‍ പി സദാശിവം. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സര്‍ക്കാരിനോട് കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയായിരുന്നു.
കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നാണ് പി.സദാശിവം പറയുന്നത്. പക്ഷെ മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ പരസ്പരം അറിയിക്കുകയും ചര്‍ച്ച ചെയ്യാറും ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്തിന്റെ അധിപനാണ് ഗവര്‍ണര്‍ .ആ നിലയില്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കാറുണ്ട്. നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ ആണ് വിവരങ്ങള്‍ അറിയിക്കാറുള്ളത്. കേരള ഗവര്‍ണറായിരുന്ന കാലത്ത് അങ്ങനെയായിരുന്നു കാര്യങ്ങള്‍ പോയിരുന്നതെന്നും പി സദാശിവം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭരണഘടന വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്.
Post Your Comments