തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയ സംഭവത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച വിശദീകരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. രാജ്ഭവനില്‍ നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്‍ണര്‍ തള്ളിയത്.
ഒരു വിശദീകരണവും തൃപ്തികരമല്ലെന്നും ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ പോയത് തെറ്റ് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ നിയമ വിരുദ്ധ നടപടിയാണ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ ഭരണസംവിധാനം തകരാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണറെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയമപരമായി അത് ശരിയല്ല. ഗവര്‍ണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും. തുടര്‍ നടപടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയ സംഭവത്തില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തി അടച്ചിട്ട മുറിയില്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയത്.
Post Your Comments