KeralaLatest NewsIndia

മലക്കം മറിഞ്ഞ് കപിൽ സിബൽ, “പൗരത്വ നിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല”

കോഴിക്കോട്: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. അത് നിഷേധിക്കാന്‍ ഒരു വഴിയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

‘പാര്‍ലമെന്‍റ് പാസാക്കിയ സി‌എ‌എ, നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാന്‍ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ എതിര്‍ക്കാന്‍ കഴിയും, നിയമസഭയില്‍ പ്രമേയം പാസാക്കാനും നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കഴിയും, എന്നാല്‍ നടപ്പാക്കാതിരിക്കാനാകില്ല. അത് നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാപരമായി പ്രശ്‌നകരമാവുകയും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ‌എല്‍‌എഫ്) മുന്‍ നിയമ-നീതിന്യായ മന്ത്രി കൂടിയായ കപില്‍ സിബല്‍ പറഞ്ഞു.

സി‌എ‌എയ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ ഒരു ‘നേതാവും’ ‘ഇന്ത്യയിലെ ജനങ്ങളും’ തമ്മിലുള്ള പോരാട്ടമാണെന്ന് കപില്‍ സിബല്‍ വിശേഷിപ്പിച്ചു. ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല പോരാട്ടരംഗത്തുള്ളത്. മറിച്ച്‌ വിദ്യാര്‍ത്ഥികള്‍, ദരിദ്രര്‍, മധ്യവര്‍ഗക്കാര്‍ എന്നിങ്ങനെ ജനസമൂഹം തന്നെ സമരത്തിലാണ്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം രാഷ്ട്രീയപ്രേരിതമല്ലെന്ന് ആഗോളതലത്തിലും രാജ്യത്തിനകത്തുമുള്ളവര്‍ മനസിലാക്കുന്നുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘എന്‍‌ആര്‍‌സി, എന്‍‌പി‌ആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്‍‌പി‌ആര്‍‌ നടപ്പാക്കേണ്ടത് ലോക്കല്‍‌ രജിസ്ട്രാര്‍‌ ആണ്‌. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങള്‍ പറയുന്നത്. പ്രായോഗികമായി ഇത് സാധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഭരണഘടനാപരമായി, പാര്‍ലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടാണ്.’- കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം വിദ്യാർത്ഥി സമരത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണഘടനയില്‍ അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവയുടെ ലംഘനമാണ് സിഎഎ എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഈ ആഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാന സര്‍ക്കാരാണ് കേരളം. സിഎഎയ്ക്കെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കിയതും കേരളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button