അടിമാലി : കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ത്തേടി മകനെത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് അമ്മയെത്തേടി മകൻ മഞ്ജിത്ത് എത്തിയത്. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് മഞ്ജിത്ത് പറഞ്ഞു.
വയനാട് മാനന്തവാടി വെൺമണി കമ്പെട്ടി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാ മണിയെയാണ് (53) വ്യാഴാഴ്ച രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി തന്നെ കാറിൽ ഉപേക്ഷിച്ച് ഭർത്താവ് കടന്നതാണെന്ന് ലൈലാ മണി പറഞ്ഞു. ഒന്നര ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് ലൈലാ മണി കാറിനുള്ളിൽ കഴിച്ചുകൂട്ടിയത്. അവശയായ വീട്ടമ്മയെ പൊലീസിന്റെ സഹായത്തോടെ ഓട്ടോറിക്ഷ ഡ്രൈവർ ദീപുവാണ് ആശുപത്രിയിൽ എത്തിച്ചത്.
നാലു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ഇവരെ നേരത്തെയും ഉപേക്ഷിക്കാനുള്ള ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. മനഃപ്പൂർവമാണ് ഇത്തവണയും മകൻ മാത്യു വഴിയിൽ ഉപേക്ഷിച്ചത്.
Post Your Comments