ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെയും ക്രമസമാധന ചുമതലയും രണ്ടു ദിവസം കൈയില്തന്നാല് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി കാണിച്ചു തരാമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു ദീര്‍ഘിപ്പിക്കുന്നതിനു പിന്നില്‍ എഎപി സര്‍ക്കാരാണെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു സിസോദിയ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു വിഷയങ്ങളും ഉയര്ത്താനില്ലാത്തതിനാലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു സിസോദിയ കുറ്റപ്പെടുത്തി.
പോലീസ് ബിജെപിയുടെ കീഴിലാണ്. ക്രമസമാധാന പാലം ബിജെപിയുടെ കൈയിലാണ്. ആഭ്യന്തരമന്ത്രാലയം ബിജെപിയുടെ നിയന്ത്രണത്തിലാണ്. തിഹാര്‍ ജയിലും അവിടുത്തെ ഭരണകൂടവും ബിജെപിയുടെ കീഴിലാണ്. എന്നിട്ടും ബിജെപി എഎപിയെ കുറ്റം പറയുന്നു. ഇത്തരം വിഷയങ്ങളില്‍ ഇങ്ങനെ തരംതാഴരുത്. ഇത് ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമമാണെന്നും സിസോദിയ പറഞ്ഞു.നിര്‍ഭയ കേസില്‍ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോര്‍ട്ട് നല്കാന് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഡല്‍ഹി കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ദയാഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ മുകേഷ് സിംഗ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ ജനുവരി 22ന് രാവിലെ ഏഴിന് ശിക്ഷ നടപ്പിലാക്കുന്നതിനായാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്.ഇതിനു പിന്നാലെയാണ് ആം ആദ്മി സര്‍ക്കാരിന്റെ അനാസ്ഥയാണ് വധശിക്ഷ വൈകിക്കുന്നതെന്ന ആരോപണവുമായി ജാവദേക്കര്‍ രംഗത്തെത്തിയത്. വധശിക്ഷയ്ക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷത്തോളം കഴിഞ്ഞാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ് നല്‍കിയത്.
ഇപ്പോള്‍ പ്രതികള്‍ ഒരോരുത്തരായി ദയാഹര്‍ജി നല്‍കുകയാണ്. കോടതിവിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികള്‍ക്ക് സര്‍ക്കാര്‍ ഈ നോട്ടീസ് നല്കിയിരുന്നെങ്കില് ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു.അതേസമയം, മുകേഷ് സിംഗ് നല്കിയ ദയാഹര്‍ജി ലഫ്. ഗവര്‍ണര്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Post Your Comments