അടുത്തിടപെഴകുമ്പോള്‍, തുറന്നു സംസാരിക്കുമ്പോള്‍, നിരത്തിലൂടെ നടന്നു പോകുമ്പോള്‍ എന്നു വേണ്ട സകലയിടങ്ങളിലും നമ്മുടെ സ്വകാര്യത വില്‍പ്പന ചരക്കാക്കാന്‍ പോന്ന വലയങ്ങള്‍ നമ്മളെ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് ഡോ. സിജെ ജോണ്‍. സ്വന്തം വീട്ടില്‍ പോലും പെണ്ണിന് സ്വകാര്യത പൊതിഞ്ഞു പിടിക്കാനാകാത്ത വിധം ലോകം മാറിയെന്ന് ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
ആരോടെങ്കിലും ഫോൺ ചെയ്യുമ്പോൾ അതൊക്കെ അയാളുടെ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നില്ലെന്ന് എങ്ങനെ വിശ്വസിക്കും ?നമ്മൾ ഇത്തിരി കൺട്രോൾ പോയി ആരോടെങ്കിലും ഒന്ന് കയർക്കുമ്പോൾ അത് സ്മാർട്ടായി ആരെങ്കിലും ആലേഖനം ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തെന്ന് അറിയുന്നത് വേറെ ആരെങ്കിലും അത് നമ്മളുമുള്ള ഗ്രൂപ്പിലേക്ക് കൈമാറുമ്പോഴായിരിക്കും.പണ്ടത്തെ പോലെ പൊതു ഇടത്തിൽ മൂത്രം ഒഴിക്കുന്ന പരിപാടിയൊന്നും നടക്കില്ല .ഏതെങ്കിലും ഒരു വീട്ടിലെ സി.സി. ടി. വി ക്യാമറയിൽ അത് ചിലപ്പോൾ പതിയും.ഗാർഹിക പീഡന രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത് സർവ സാധാരണം . ഭാര്യ ഫോൺ വഴി അവിഹിത ചങ്ങാത്തത്തിൽ പോകുന്നുണ്ടോയെന്നറിയാൻ, സംശയാലുവായ ടെക്കി യുവാവ് അവളറിയാതെ ഒരു ടെക്‌നോളജി ആപ്പ് ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അഭിമാനത്തോടെ പ്രഖ്യാപിച്ചു .ഇനി ഡിജിറ്റൽ പാതിവൃത്യ ബെൽറ്റുകൾ ഇറങ്ങുമോ ആവോ ? സ്വകാര്യതയെന്ന ഒരു സാധനം ഇനി കിട്ടാ ചരക്കാവും. സൈബെറൂക്കുള്ളവൻ ഇനി ഉറഞ്ഞു തുള്ളും. ഡിജിറ്റൽ രഹസ്യങ്ങളെ സ്‌ഫോടക വസ്തുവായി പ്രയോഗിച്ചു ആളുകളുടെ മനസ്സമാധാനം പൊളിക്കും.മൊബൈൽ സമ്പന്ന ലോകത്തിൽ ചെയ്യുന്നതും പറയുന്നതും കരുതലോടെ വേണം .കണ്ണാടി മാളികയിൽ താമസിക്കുന്നവർക്ക് ലൈറ്റ് അണച്ചെങ്കിലും തുണി മാറാമായിരുന്നു.സ്മാർട്ട് ലോകത്തിൽ സ്വകാര്യത ഉറപ്പാക്കാൻ അത്ര എളുപ്പമല്ല .സ്മാർട്ട് ഫോണുമായി ഒരു ആളൊഴിഞ്ഞ മൂലയിൽ പോയി അതീവ രഹസ്യമായി ചെയ്യുന്നതൊക്കെ ഒരു നാൾ പരസ്യമാവില്ലെന്ന് എന്തുറപ്പ്?
(സി .ജെ .ജോൺ)
https://www.facebook.com/drcjjohn/posts/10157967586074630
Post Your Comments