മുസഫറാബാദ്: പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടു വയസുകാരി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. പാകിസ്താന്‍ അധീന കാശ്മീരിലുണ്ടായ ഹിമപാതത്തില്‍ പെട്ട് മഞ്ഞിനടിയില്‍ പുതഞ്ഞുകിടക്കുകയായിരുന്ന പന്ത്രണ്ടുകാരി സമിനയാണ് ആപത്തൊന്നുമില്ലാതെ പുറത്തെത്തിയത്. പാക് അധീന കശ്മീരിലെ നീലം മേഖലയില്‍ താമസിക്കുന്ന സാമിനയുടെ വീടിന് മേലേക്കാണ് തിങ്കളാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞുമൂടിയ വീടിനകത്തെ മുറിയില്‍ അവള്‍ കുടുങ്ങിക്കിടന്നു. ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് സാമിന പറയുന്നു. മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സാമിന. മഞ്ഞ് വീഴ്ച കനത്തതോടെ വീട്ടിലെ അംഗങ്ങള്‍ തീ കായുന്നതിന് ഇടയിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്.
നിമിഷ നേരത്തിനുള്ളില്‍ എല്ലാവരും മഞ്ഞിനടിയിലായി. കുടുംബാംഗങ്ങളില്‍ പലരും പല ഭാഗത്തായി ചിതറിപ്പോയി. എന്റെ മേല്‍ ഒരു ഷീറ്റ് വീണു. കാലിന് അസഹ്യമായ വേദന തോന്നി. ഷീറ്റ് തള്ളിമാറ്റാന്‍ ശ്രമിച്ചിട്ട് നടന്നില്ല. ആരെങ്കിലും തേടി വരുമെന്ന പ്രതീക്ഷയില്‍ സഹായത്തിനായി ഉറക്കെ വിളിച്ചുകൊണ്ടിരുന്നു- സാമിന അന്തര്‍ദേശീയ മാധ്യമങ്ങളോട് പറയുന്നു. സാമിനയുടെ സഹോദരനും സഹോദരിയും മഞ്ഞുവീഴ്ചയില്‍ കൊല്ലപ്പെട്ടു. സാമിനയെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാതാവ് ഷഹനാസ് പറയുന്നു. ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ നിരവധി പേര്‍ ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഇവരില്‍ 18 പേരാണ് മരിച്ചത്. മഞ്ഞുവീഴ്ചയില്‍ ആകെ മരണസംഖ്യ 100 കവിഞ്ഞതായി പാക് ദുരന്ത നിവാരണ വിഭാഗം പറയുന്നു.
Post Your Comments