ശ്രീനഗര്‍: ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിസിപി ദേവീന്ദ്ര സിംഗിനെ പുറത്താക്കി. ദേവീന്ദ്ര സിംഗും ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സിംഗിനെ കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ നാല് ദിവസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ദേവീന്ദ്ര സിംഗിന്റെ വീട്ടില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇവിടെ നിന്നും സിംഗിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
സിംഗിന്റെ ഇന്ദിരാ നഗറിലുള്ള വീട്ടിലും അതിന് സമീപത്തായി പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ വീട്ടിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയിരിക്കുന്നത്. കൂടാതെ പിടിയിലാകുന്നതിന് മുന്‍പുള്ള ദിവസം രണ്ട് ഭീകരര്‍ക്ക് ബന്ധുക്കളുടെ വീട്ടില്‍ സിംഗ് താമസത്തിനുള്ള സഹായം ചെയ്ത് നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ബാനിഹാള്‍ തുരങ്കം കടക്കുന്നതിനായി ദേവീന്ദ്ര സിംഗ് 12 ലക്ഷം രൂപ വാങ്ങിയെന്ന് ഭീകരര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിംഗിന്റെ ഭീകര ബന്ധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
ശനിയാഴ്ചയാണ് ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, അഭിഭാഷകനായ ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരൊടൊപ്പമാണ് സിംഗിനെ കസ്റ്റഡിയിലായത്. ദേവീന്ദറിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡിജിപി ദില്‍ബഗ് സിംഗ് വിശദമാക്കി.
ദേവേന്ദറിനൊപ്പം ഷോപിയാനിലെ അഭിഭാഷകനായ ഇർഫാനെയും ഭീകരർക്കൊപ്പം പിടികൂടിയിട്ടുണ്ട്. ഇതിനിടെ, ദേവീന്ദര്‍ സിംഗ് ഭീകരര്‍ക്കൊപ്പം പിടിയിലായത് എസിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷവും സിംഗ് ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിയതായി ചോദ്യം ചെയ്യലില്‍ പോലീസിനു വ്യക്തമായി.
Post Your Comments