പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരളാ സർക്കാരും. ഇതാദ്യമായാണ് ഒരു സംസ്ഥാന ഭരണകൂടം പാർലമെന്റ് പാസ്സാക്കിയ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് അത്യുന്നത നീതിപീഠത്തെ സമീപിക്കുന്നത്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കുറെയേറെ ഹർജികൾ നേരത്തെ തന്നെ കോടതിയിലെത്തിയിരുന്നു. എന്നാൽ ഇവിടെ പ്രശ്നം, പാർലമെന്റ് പാസ്സാക്കിയ നിയമത്തെ ചോദ്യം ചെയ്യാനായി ഒരു സംസ്ഥാന സർക്കാരിന് ഖജനാവിൽ നിന്ന് പണം ചിലവിടാമോ എന്നതാണ്. നേരത്തെ തന്നെ ഇത്തരം നീക്കങ്ങളെ ഗവർണ്ണർ അടക്കം ചോദ്യം ചെയ്തിരുന്നു എന്നതോർക്കുക.
രാജ്യത്ത് എന്ത് നടന്നാലും അത് കോടതിയിൽ ഉന്നയിക്കാൻ ആർക്കും അവകാശമുണ്ട് എന്നതൊക്കെ ന്യായമാണ്. കേന്ദ്ര നിയമമാണെങ്കിലും സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമമാണ് എങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. ഭരണഘടനാ ഭേദഗതികൾ പോലും കോടതിയിലെത്തിയത് നമ്മുടെയൊക്കെ മുന്നിലുണ്ടല്ലോ. അതിന്റെയൊക്കെ നിയമപരവും ഭരണഘടനാപരവുമായ സാധുതതകൾ അന്തിമമായി തീർപ്പുകല്പിക്കേണ്ടത് സുപ്രീം കോടതിയാണ് താനും. അതുകൊണ്ട് ആരെങ്കിലും കോടതിയിൽ പോകുന്നതിൽ അപാകതയൊന്നുമില്ല. അവിടെ ഇതിനകമുള്ള ഹർജികൾക്കൊപ്പം ഒന്നുകൂടി എന്ന് കരുതിയാൽ മതി. പക്ഷെ ഇവിടെ പ്രശ്നം കോടതിയിൽ പോയിരിക്കുന്നത് ഒരു സംസ്ഥാന സർക്കാരാണ്. അതിനായി പണം ചെലവിടുന്നത് സർക്കാർ ഖജനാവിൽ നിന്നും. അതാണ് പ്രശ്നം. അതേസമയം മുഖ്യമന്ത്രി ഒരു വ്യക്തി എന്ന നിലക്കോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിയോ കോടതിയിൽ ഹർജി കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പം കാണേണ്ടതുമില്ല. തീർച്ചയായും ഇക്കാര്യത്തിൽ ഒരു മാർഗദർശനം കോടതിയിൽ നിന്നുതന്നെ ഉണ്ടാവും എന്നാണ് ഞാൻ കരുതുന്നത്.
കേരളത്തിൽ രാഷ്ട്രീയതാല്പര്യങ്ങൾ വെച്ചുകൊണ്ട് സർക്കാരുകൾ പലതും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. കൊലപാതകക്കേസുകൾ സിബിഐക്ക് വിട്ടപ്പോഴൊക്കെ പ്രതികളെ രക്ഷിക്കാനായി സംസ്ഥാന സർക്കാർ ഇതുപോലെ പലവട്ടം പ്രഗത്ഭരായ വക്കീലന്മാരെ കൊണ്ടുവന്നത് ചരിത്രമാണ്. മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ മാത്രം സർക്കാർ ചെലവിട്ടത് 56 ലക്ഷംരൂപയാണെന്ന് ഈയിടെ പത്രങ്ങളിൽ കണ്ടിരുന്നല്ലോ. അത് ഒരു കേസ് മാത്രമാണ്; അതുപോലെ എത്രയോ കേസുകളിൽ ഇതുപോലെ സർക്കാർ ഖജനാവിൽ നിന്ന് പണമൊഴുക്കിയിട്ടുണ്ട്. അതിനെയൊക്കെ ന്യായീകരിക്കാൻ കഴിയാത്തവിധത്തിലുള്ള ഉത്തരവുകൾ പലപ്പോഴും സർക്കാരിന് കോടതി നൽകിയിട്ടുമുണ്ട്. അതിനൊക്കെയൊപ്പമാവും ഈ കേസിനെയും കാണേണ്ടിവരിക. കാരണം ഇതും വെറും രാഷ്ട്രീയമാണ്. തനി രാഷ്ട്രീയം തന്നെ.
ബിജെപിയെ മുസ്ലിങ്ങളിൽ നിന്ന് അകറ്റാനുള്ള മറ്റൊരു നല്ല അവസരം എന്ന നിലക്ക് ചിലർ പൗരത്വ നിയമത്തെ കണ്ടപ്പോൾ നഷ്ടപ്പെട്ട മുസ്ലിം പിൻതുണ വീണ്ടെടുക്കാനുള്ള നല്ല അവസരമായി മറ്റുചിലർ കണ്ടു. എളുപ്പത്തിൽ കുറെയേറെ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അവരുടെ നേട്ടം. എന്നാൽ അവർക്കിടയിലെ വിദ്യാസമ്പന്നർ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. പക്ഷെ സാമുദായിക സമ്മർദ്ദങ്ങൾ കൊണ്ട് അവർക്ക് ഒന്നും പരസ്യമായി പറയാൻ കഴിയുന്നില്ല. കണ്ണടച്ചു പിന്തുണച്ചവർ പലർക്കും അബദ്ധം പതുക്കെപ്പതുക്കെ മനസിലായിത്തുടങ്ങിയിരിക്കുന്നു. മുസ്ലിം വോട്ട് ബാങ്കിൽ കണ്ണുംനട്ട് നടന്നവർ പോലും ഇന്നിപ്പോൾ അബദ്ധമായി എന്ന് പറയുന്നത് കാണുന്നുണ്ടല്ലോ. അതാണ് കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന പ്രതിപക്ഷ കക്ഷി യോഗത്തിലുണ്ടായ കാഴ്ച. കോൺഗ്രസിനൊപ്പം കാലാകാലങ്ങളായി നിലനിന്നിരുന്നവർ പോലും ആ യോഗത്തിനെത്താതിരുന്നത് ശ്രദ്ധിക്കാതെ പോകാനാവുമോ. ഡിഎംകെ, ശിവസേന, സമാജ്‍വാദി പാർട്ടി, ബിഎസ്‌പി , തൃണമൂൽ കോൺഗ്രസ് എന്നിവരൊക്കെ എന്താണ് ഡൽഹിക്ക് എത്താതിരുന്നത്? ഡൽഹിയിൽ ഭരണമുള്ള ആം ആദ്‌മി പാർട്ടിയും മാറിനിന്നു. ഇത് അപകടകരമായ പോക്കാണ് എന്ന് അവർ തിരിച്ചറിയുന്നു എന്നതല്ലേ കാണേണ്ടത്? മുസ്ലിം വോട്ട് ഇവിടെ എത്ര ശതമാനം ഉണ്ടെന്നത് തിരിച്ചറിയട്ടെ ഓരോരുത്തരും; അതിനൊപ്പം മറുപക്ഷത്ത് നടക്കുന്ന ഏകീകരണം പ്രധാനവുമാണ്. രണ്ടാമത്തെ തിരിച്ചറിവ് കുറേപ്പേർ മനസിലാക്കി എന്നതാണ് കോൺഗ്രസ് വിളിച്ച യോഗത്തിലെ സ്ഥിതി ഇത്ര മോശമാക്കാൻ കാരണം എന്നത് തീർച്ചയാണ്. നാളെകളിൽ അത് കൂടുതൽ വ്യക്തമാവുകതന്നെ ചെയ്യും.
ഇനി എന്തുകൊണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കി, എന്തുകൊണ്ട് അതിൽ നിന്ന് മുസ്ലിം മതത്തിൽ പെട്ടവരെ ഒഴിവാക്കുന്നു?. മതത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം നിശ്ചയിക്കേണ്ടത്? രാജ്യത്തിന് മുൻപിലുള്ള ചോദ്യങ്ങളാണിത്. അതുയർത്തിയാണ് പലരും സമരരംഗത്തുള്ളത്. ഈ നിയമഭേദഗതി യഥാർഥത്തിൽ ഇന്ത്യക്ക് ചുറ്റുമുള്ള മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഒരു നീക്കമാണ് , നിയമ നിർമ്മാണമാണ്. അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അവർക്ക് പുറമെ ജൈന മതക്കാർ, പാഴ്സികൾ, കൃസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്ക് വേണ്ടികൂടിയും. ഈ മത വിഭാഗക്കാർക്ക് നേരത്തെ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളിൽ പീഡനങ്ങൾ നേരിടേണ്ടിവരുന്നുണ്ട്; അതുകൊണ്ട് അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയവരുടെ കാര്യമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. അതും 2014 ഡിസംബർ 31 നു മുൻപുവരെ ഇന്ത്യയിലെത്തിയവരുടെ കാര്യവും. ഇതിൽ എന്തുകൊണ്ട് മുസ്ലിങ്ങളില്ല എന്നതാണ് പലരും ചോദിക്കുന്നത്. ശരിയാണ്, അവർക്ക് ഇത് ബാധകമല്ല; കാരണം, മുസ്ലിങ്ങൾ മുസ്ലിം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു എന്ന് കരുതിക്കൂടല്ലോ. അതാണ് ഏറെ പ്രധാനം. ഇനി അത്തരം ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മുസ്ലിങ്ങൾക്ക് കടന്നുചെല്ലാൻ ലോകത്ത് അനവധി ഇസ്ലാമിക രാജ്യങ്ങളുണ്ട്; എന്നാൽ ഹിന്ദുക്കൾക്ക് ആശ്രയമായി ഒരേയൊരു രാജ്യമേ ഉള്ളു, അത് ഇന്ത്യയാണ്. മുസ്ലിം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ നിര്ബന്ധിതരാവുന്ന ഹിന്ദുക്കൾക്കും മറ്റും സംരക്ഷണം, അഭയം, നല്കാൻ ഇന്ത്യക്ക് ചുമതലയുണ്ട്, ബാധ്യതയുണ്ട് എന്ന് ബിജെപിയും നരേന്ദ്ര മോഡി സർക്കാരും വിശ്വസിക്കുന്നു. അത് സൈദ്ധാന്തികമായ ഒരു നിലപാട് കൂടിയാണ്. അതുതന്നെയാണ് ഈ സംശയത്തിനുള്ള മറുപടി. അത് എവിടെയും തുറന്നുപറയാൻ ബിജെപി സന്നദ്ധമാണ്. പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നുകൂടി, സിപിഎം കോഴിക്കോട് പാർട്ടി കോൺഗ്രസിലും മൻമോഹൻ സിങ് പാർലമെന്റിലും ആവശ്യപ്പെട്ട ഭേദഗതിയാണ് ഇന്നിപ്പോൾ മോഡി സർക്കാർ കൊണ്ടുവന്നത് എന്നതുകൂടി രാജ്യം തിരിച്ചറിയുന്നുണ്ട്.
Post Your Comments