തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം ജനുവരി 15-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും മറ്റു പ്രമുഖരും പങ്കെടുക്കുന്നു.
കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയുള്ളവര്‍ക്ക് കാഴ്ച നല്‍കുന്നതിങ്ങനെ
കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റുവെയറിലൂടെ സാധിക്കുന്നതാണ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നതാണ്.
കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്.
ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കുന്നതാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ദ്വിദിന പരിശീലനം ഉദ്ഘാടനത്തോടനുബന്ധിച്ച് ജനവരി 15,16 തിയതികളില്‍ ഹോട്ടല്‍ പ്രശാന്തില്‍ നടക്കും. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും ഫോണ്‍ വിതരണവും പരിശീലനവും നടക്കുന്നതാണ്. സംസ്ഥാനതല പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുന്നത്.
Post Your Comments