ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി. പശ്ചിമ ബംഗാളിലടക്കം രാജ്യവ്യാപകമായി സി.എ.എ നടപ്പിലാക്കുമെന്ന് നഖ്‌വി പറഞ്ഞു. ഇന്നലെ പശ്ചിമ ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. മമതയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മമത വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി അത് നടപ്പിലാക്കും. പശ്ചിമ ബംഗാളും ഇന്ത്യയുടെ ഭാഗമാണ്. അതിനാല്‍ സി.എ.എ അവിടെയും നടപ്പിലാക്കുമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. മമതാ ബാനര്‍ജി ചരിത്രവും ഭരണഘടനയും പഠിക്കാന്‍ ശ്രമിക്കണമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.
സി.എ.എയും എന്‍.പി.ആറും നടപ്പാക്കില്ല. ജനങ്ങളെ വിഭജിക്കുന്നതിന് തങ്ങള്‍ എതിരാണെന്നും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും കൂടിക്കാഴ്ചയില്‍ മമത ആവശ്യപ്പെട്ടതായി മാധ്യമങ്ങളോട് അവർ പറഞ്ഞിരുന്നു.. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തൃണമുല്‍ കോണ്‍ഗ്രസിന്റെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ ധര്‍ണ്ണയില്‍ മമത പങ്കെടുക്കുകയും ചെയ്തു. സി.എ.എ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ വിജ്ഞാപനത്തിന് പേപ്പറിന്റെ വിലയേ ഉള്ളൂവെന്നും സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നും മമത ആവര്‍ത്തിച്ച് വ്യക്തമാക്കി.
Post Your Comments