ഇന്ന് സൗദി അറേബ്യ ഒരു മാഡ്രിഡ് ഡെര്‍ബിക്ക് സാക്ഷ്യം വഹിക്കും. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലാണ് സൂപ്പര്‍ കപ്പിനായി മാഡ്രിഡ് നഗരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. റയല്‍ മാഡ്രിഡ് പതിനൊന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ മൂന്നാം കിരീടം സ്വപ്നം ലക്ഷ്യംവെച്ചാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇറങ്ങുന്നത്. ഇന്ന് രാത്രി 11.30നാണ് കലാശപ്പോരാട്ടം നടക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ ഒരുഗോളിന് പിന്നിട്ടുനിന്നിട്ടും രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡീഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ്. എന്നാല്‍ ഏകപക്ഷീയ പ്രകടനത്തിലൂടെ വലന്‍സിയയെ തോല്‍പ്പിച്ചായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ വലന്‍സിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തിയാണ് റയല്‍ ഫൈനലിന് ഇറങ്ങുന്നത്.
പരിക്ക് കാരണം ബെയ്ല്, ബെന്‍സീമ എന്നിവര്‍ ഇന്ന് റയല്‍ നിരയില്‍ ഉണ്ടാകില്ല. മറുവശത്ത് മധ്യനിര താരം കൊകെയെ അത്ലറ്റിക്കോ മാഡ്രിഡിനും നഷ്ടമാകും. ഇതുവരെ ഒരു ഫൈനല്‍ പോലും പരാജയപ്പെട്ടിട്ടില്ല എന്ന സിദാന്റെ റെക്കോര്‍ഡില്‍ ആണ് റയലിന്റെ പ്രധാന പ്രതീക്ഷ. എന്നാല്‍ സൂപ്പര്‍ കപ്പില്‍ അത്ലറ്റിക്കോയെ തോല്പിക്കാന് റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് റയലിന് ചെറിയ ആശങ്ക നല്കുന്നു
Post Your Comments